കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടച്ച് പൂട്ടിയ അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസും ഗിഫ്റ്റ് ഷോപ്പും വീണ്ടും തുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ജീവനക്കാരെ തെരഞ്ഞെടുത്തത്.
ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള പോസ്റ്റ് ഓഫീസും ഗിഫ്റ്റ് ഷോപ്പും ഇനി വനിതകള്‍ നയിക്കും. അന്‍റാര്‍ട്ടിക്കയിലെ അസാധാരണമായ ഈ ജോലിക്ക് നാലായിരത്തിലധികം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്തത് നാല് വനിതകളെ. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അടച്ച് പൂട്ടിയ അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസും ഗിഫ്റ്റ് ഷോപ്പും വീണ്ടും തുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ജീവനക്കാരെ തെരഞ്ഞെടുത്തത്.
പെന്‍ഗ്വിനുകളുടെ എണ്ണം എടുക്കുക, ഗിഫ്റ്റ് ഷോപ്പ് പ്രവര്‍ത്തിപ്പിക്കുക, മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് നയിക്കുക എന്നതാണ് ഇവരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം. പോര്‍ട്ട് ലോക്ക്റോയ് എന്നാണ് അന്‍റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസിന്‍റെ പേര്. അന്‍റാര്‍ട്ടിക് ഹെറിറ്റേജ് ട്രസ്റ്റ് ആണ് ഇവിടെ ജോലിക്കായി അപേക്ഷകരെ ക്ഷണിച്ചത്. നാല് ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ബേസ് ലീഡര്‍, പോസ്റ്റ് മാസ്റ്റര്‍, ഷോപ് മാനേജര്‍, വൈല്‍ഡ് ലൈഫ് മോണിട്ടര്‍ എന്നിവയായിരുന്നു ഒഴിവുകള്‍. നാലായിരം അപേക്ഷകരില്‍ നിന്നാണ് നാല് വനിതകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
ക്ലെയര്‍ ബല്ലാന്‍റൈന്‍, മേരി ഹില്‍ടണ്‍, നതാലി കോര്‍ബെറ്റ്, ലൂസി ബ്രൂസോണ് എന്നിവരാണ് ലോകത്തിന്‍റെ തെക്കേ അറ്റത്തുള്ള പ്രത്യേക ജോലിക്കായി 9000 മൈലുകള്‍ സഞ്ചരിക്കുക. അന്‍റാര്‍ട്ടിക്കയിലെ ഗൌഡിയര്‍ ദ്വീപിലായിരിക്കും ഈ ടീം അഞ്ച് മാസം ജോലി ചെയ്യുക. വീടിന്‍റേയും നാടിന്‍റേയും എല്ലാ സുഖ സൌകര്യങ്ങളില്‍ നിന്നും മാറിയാണ് ജോലി. വെള്ളം, ശുചിമുറി, അതിശൈത്യം തുടങ്ങി നിരവധി വെല്ലുവിളികളാണ് ഇവരെ കാത്തിരിക്കുന്നതെന്ന് അന്‍റാര്‍ട്ടിക് ഹെറിറ്റേജ് ട്രസ്റ്റ് വിശദമാക്കുന്നു.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ഇവിടെ വേനല്‍ക്കാലമായതിനാല്‍ മിക്കവാറും മുഴുവന്‍ ദിവസവും സൂര്യപ്രകാശത്തില്‍ ഇവര്‍ക്ക് ജോലി ചെയ്യേണ്ടി വരും. ഒരു പെന്‍ഗ്വിന്‍ കോളനിക്കൊപ്പമാണ് ഇവരുടെ താമസസ്ഥലം. ഈ പെന്‍ഗ്വിനുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇവയുടെ എണ്ണമെടുക്കുന്ന ജോലിയും സംഘം ചെയ്യണം. നവംബര്‍ ആദ്യത്തോടെ ജോലി ആരംഭിക്കും. ഈ മാസം തന്നെ ഇവര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കും.
ബിരുദാനന്തരം ബിരുദധാരിയാണ് പോസ്റ്റ് മാസ്റ്ററായ ക്ലെയര്‍. കണ്‍സെര്‍വേഷന്‍ ബയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് വൈല്‍ഡ് ലൈഫ് മോണിട്ടറായ മേരി ഹില്‍ട്ടണ്‍. റീട്ടെയില്‍ മേഖലയിലെ പ്രവര്‍ത്തന പരിചയവും സ്വന്തം ബിസിനസുമാണ് ഷോപ് മാനേജരായ നതാലിയുടെ യോഗ്യത. ആര്‍ട്ടിക് മേഖലയില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ള വ്യക്തിയാണ് ബേസ് ലീഡറായ ലൂസി.