ഹിറ്റ്‍ല‍‍റിന്റെ ജന്മഗൃഹത്തിൽ പൂക്കളും സല്യൂട്ടും സമർപ്പിച്ച ജർമ്മൻ സ്വദേശികൾ അറസ്റ്റിൽ

By Web Team  |  First Published Apr 23, 2024, 10:56 AM IST

ഓസ്ട്രിയയിലെ ഹിറ്റ്ലറിന്റെ ജന്മഗൃഹത്തിന് മുന്നിൽ റോസാ പൂക്കൾ വയ്ക്കുകയും ഹിറ്റ്ലർ സല്യൂട്ട് വയ്ക്കുന്ന രീതിയിൽ ചിത്രമെടുക്കുകയും ചെയ്തതിനാണ് നാല് ജർമൻ സ്വദേശികളെ അറസ്റ്റ് ചെയ്തത്


വിയന്ന: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‍ല‍‍റിന്റെ ജന്മദിനം ആഘോഷിച്ച നാല് പേർ അറസ്റ്റിൽ. പശ്ചിമ ഓസ്ട്രിയയിലെ ഹിറ്റ്‍ല‍‍റിന്റെ ജന്മഗൃഹത്തിന് മുന്നിൽ റോസാ പൂക്കൾ വയ്ക്കുകയും ഹിറ്റ്‍ല‍‍ർ സല്യൂട്ട് വയ്ക്കുന്ന രീതിയിൽ ചിത്രമെടുക്കുകയും ചെയ്തതിനാണ് നാല് ജർമൻ സ്വദേശികളെ അറസ്റ്റ് ചെയ്തത്. 1889 ഏപ്രിൽ 20നാണ് അഡോൾഫ് ഹിറ്റ്‍ല‍‍ർ ജനിച്ചത്. ഓസ്ട്രിയയിലെ ബ്രൌനൌ ആം ഇൻ എന്ന സ്ഥലത്തായിരുന്നു ഹിറ്റ്ലർ ജനിച്ചത്.

ശനിയാഴ്ച ഇവിടെത്തിയ രണ്ട് സ്ത്രീകളും ഇവരുടെ പങ്കാളികളും അടങ്ങുന്ന സംഘമാണ് പൊലീസ് പിടിയിലായിട്ടുള്ളത്. 20 മുതൽ 30 വരെയാണ് ഇവരുടെ പ്രായമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഹിറ്റ്‍ല‍‍റിന്റെ ജന്മ വീടായ കെട്ടിടത്തിന് സമീപത്തെത്തിയ സംഘം ജനലുകളിൽ പുഷ്പങ്ങൾ വയ്ക്കുകയും വളരെ കുപ്രസിദ്ധമായ ഹിറ്റ്‍ല‍‍ർ സല്യൂട്ട് പോസിൽ നിന്ന് ചിത്രങ്ങളുമെടുത്തുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Latest Videos

ഇവരുടെ ഫോണുകളിൽ നിന്ന് കെട്ടിടത്തിന് മുന്നിൽ നിന്നുള്ള നിരവധി ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് നാലംഗ സംഘത്തിന്റെ പ്രവർത്തികൾ ശ്രദ്ധിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് നടപടികൾ പ്രത്യേക ലക്ഷ്യമിട്ട് ഉള്ളതല്ലെന്നാണ് പ്രതികരിക്കുന്നതെങ്കിലും നാസി അനുകൂല ചാറ്റുകളും തീമുകളുമാണ് പൊലീസ് ഇവരുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്.

നാസിസം പ്രചരിപ്പിക്കുന്ന അടയാളങ്ങൾ ഓസ്ട്രിയയിൽ നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം തെറ്റിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വിശദമാക്കുന്നത്. ഈ സ്ഥലം ഒരു തീർത്ഥാടന കേന്ദ്രമാകാതിരിക്കാൻ ഏറെ നാളുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇവിടം പൊലീസ് സ്റ്റേഷനാക്കാനുള്ള നടപടികൾ ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!