വൻതുക കൈക്കൂലി വാങ്ങി മയക്കുമരുന്ന് കടത്തിന് കൂട്ടുനിന്നു, മുൻ ഹോണ്ടുറസ് പ്രസിഡന്റിന് 45 വർഷം തടവ്

By Web Team  |  First Published Jun 27, 2024, 8:02 AM IST

ഹോണ്ടുറസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ 400 ടൺ കൊക്കെയ്‌ൻ അമേരിക്കയിലെക്ക് കടത്താൻ സഹായിച്ചു എന്ന കേസിലാണ് ശിക്ഷ


ന്യൂയോർക്ക്: മയക്ക് മരുന്ന് കടത്തിന് മുൻ ഹോണ്ടുറസ് പ്രസിഡന്റ് ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസിന് 45 വർഷം തടവ്. അമേരിക്കൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസിന് എട്ട് മില്യൺ ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്. ഹോണ്ടുറസ് പ്രസിഡന്റ് ആയിരിക്കുമ്പോൾ 400 ടൺ കൊക്കെയ്‌ൻ അമേരിക്കയിലെക്ക് കടത്താൻ സഹായിച്ചു എന്ന കേസിലാണ് ശിക്ഷ. 

55കാരനായ മുൻ പ്രസിഡന്റ് ശിഷ്ട കാലം ജയിലിൽ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മാർച്ച് മാസത്തിൽ മാൻഹാട്ടനിലെ കോടതി ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കയെ ലക്ഷ്യമാക്കി പുറപ്പെട്ട കൊക്കെയ്ൻ കപ്പലുകളെ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി വിട്ടയച്ചുവെന്നതാണ് ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസിന്റെ കുറ്റം. 

Latest Videos

ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസിന് ലഭിച്ച 45 വർഷത്തെ ശിക്ഷ അഭ്യസ്തവിദ്യരായ സമാന വ്യക്തികൾക്കുള്ള മുന്നറിയിപ്പാണെന്നാണ് യുഎസ് ജില്ലാ ജഡ്ജ് കെവിൻ കാസ്റ്റൽ വിശദമാക്കിയത്. അധികാര മോഹിയായ വ്യത്യസ്ത മുഖമുള്ള രാഷ്ട്രീയക്കാരനെന്നാണ് ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസിനെ കോടതി നിരീക്ഷിച്ചത്. 2014 മുതൽ 2022 വരെയാണ് ഹ്വാൻ ഓർലാന്റോ ഹെർണാണ്ടസ് ഹോണ്ടുറാസിന്റെ പ്രസിഡ്ന്റ് ആയിരുന്നത്. ഇത്തത്തിൽ ലഹരി കാർട്ടലുകളിൽ നിന്ന് ലഭിച്ച പണം ഹോണ്ടുറാസിന്റെ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനായി ഉപയോഗിക്കപ്പെട്ടതായാണ് സംശയിക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!