എഞ്ചിനിൽ തീ പടരുകയും ഒന്നിലധികം സ്ഫോടനങ്ങൾ കേൾക്കുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞെന്ന് ദക്ഷിണ കൊറിയയുടെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സോൾ: ദക്ഷിണ കൊറിയയിൽ 179 പേർ കൊല്ലപ്പെട്ട വിമാന അപകടത്തിന് തൊട്ടുമുമ്പ് യാത്രക്കാരൻ തന്റെ അവസാന സന്ദേശം കുടുംബത്തിന് അയച്ചതായി റിപ്പോർട്ട്. വിമാനത്തിന്റെ ചിറകിൽ ഒരു പക്ഷിയിടിച്ചു, എൻ്റെ അവസാന വാക്കുകൾ ഞാൻ പറയട്ടെ എന്നായിരുന്നു സന്ദേശമെന്ന് കുടുംബം പറഞ്ഞു. സന്ദേശമയച്ചതിന് തൊട്ടുപിന്നാലെ വിമാന അപകടമുണ്ടായി. യാത്രക്കാരുടെ കുടുംബങ്ങൾ ഉറ്റവരെ തേടി വിമാനത്താവളത്തിലേക്ക് ഓടിയെത്തിയെങ്കിലും നെഞ്ച് കലങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. 181 പേരുമായി പറന്ന ഒരു വിമാനം തകർന്ന് തീപിടിക്കുകയും 179 പേരെങ്കിലും കൊല്ലപ്പെടുകയും ചെയ്തു. വിമാനത്തിൻ്റെ ചിറകിൽ പക്ഷി കുടുങ്ങിയതായി അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് വിമാനത്തിലുണ്ടായിരുന്ന വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതായി യാത്രക്കാരന്റെ കുടുംബം പറഞ്ഞു.
എഞ്ചിനിൽ തീ പടരുകയും ഒന്നിലധികം സ്ഫോടനങ്ങൾ കേൾക്കുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞെന്ന് ദക്ഷിണ കൊറിയയുടെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അപകടത്തിന് അഞ്ച് മിനിറ്റ് മുമ്പ് രണ്ട് തവണ മെറ്റൽ സ്ക്രാപ്പിംഗ് ശബ്ദം കേട്ടതായി മറ്റൊരു സാക്ഷി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെജു എയർ എന്ന ബോയിംഗ് 737-800 വിമാനമാണ് ബാങ്കോക്കിൽ നിന്ന് മുവാനിലേക്ക് പറക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
Read More... ലാൻഡ് ചെയ്യുന്നതിനിടെ വൻ ശബ്ദം, റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു; കാരണം ലാൻഡിങ് ഗിയർ തകരാർ
രാവിലെ 9 മണിക്ക് ശേഷം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സുരക്ഷാ മതിലിൽ ഇടിക്കുകയായിരുന്നു. വിമാനം ബെല്ലി ലാൻഡിംഗ് ശ്രമിച്ചതാണെന്ന് വീഡിയോകളിൽ വ്യക്തമായി. പക്ഷി ഇടിക്കുന്നതും കാലാവസ്ഥാ സാഹചര്യങ്ങളുമാണ് അപകടത്തിന്റെ പ്രാഥമിക കാരണങ്ങളായി വിലയിരുത്തുന്നതെങ്കിലും കൂടുതൽ അന്വേഷണം നടക്കുകയാണ്.