ചികിത്സ തേടുന്നവരിൽ ഫ്ലൂ, കൊവിഡ്, ആർഎസ് വി, നോറോ വൈറസ് ബാധിതർ. ബ്രിട്ടനിലെ ആശുപത്രികളിൽ കൊവിഡ് മഹാമാരിയുടെ സമാന സാഹചര്യമെന്ന് റിപ്പോർട്ട്
ബ്രിട്ടൻ: 2025 തുടങ്ങിയിട്ട് വെറും പത്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ബ്രിട്ടനിലെ ആശുപത്രികളിൽ റെക്കോർഡ് തിരക്കെന്ന് റിപ്പോർട്ട്. തിരക്കേറിയ വർഷത്തിന്റെ റെക്കോർഡാണ് ബ്രിട്ടനിലെ ആശുപത്രികളിൽ നിലവിലെ അവസ്ഥ. ഫ്ലൂ ബാധിതരുടെ വർധനവാണ് ആശുപത്രികളിൽ കാണാനുള്ളത്. കഴിഞ്ഞ ആഴ്ച 5408 രോഗികളാണ് ഫ്ലൂ ബാധിതരായി ബ്രിട്ടനിൽ ചികിത്സ തേടിയത്. ഇതിൽ 256 പേർ ഗുരുതരാവസ്ഥയിലാണ്. മുൻവർഷം ഇതേ സമയത്ത് അനുഭവപ്പെട്ടതിനേക്കാൾ 3.5 മടങ്ങ് തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ദേശീയ ആരോഗ്യ സർവ്വീസ് വ്യാഴാഴ്ച പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. അപ്രതീക്ഷിതമായ രീതിയിൽ മഞ്ഞുകാലം കൂടി എത്തിയതോടെ ശ്വസന സംബന്ധിയായ തകരാർ നേരിടുന്നവരും ഏറെയാണ്. കൊവിഡ്, ആർഎസ് വി, നോറോ വൈറസ് കേസുകൾ 1100 രോഗികൾക്കാണ് അനുഭവപ്പെടുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തോളം രോഗികൾക്കും നോറോ വൈറസ് ബാധയാണ് അനുഭവപ്പെടുന്നത്. പല ആശുപത്രികളിലും കൊവിഡ് മഹാമാരിയുടെ കാലത്തേതിന് സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ആംബുലൻസ് സഹായം ആവശ്യപ്പെട്ടവരുടെ എണ്ണത്തിലും റെക്കോർഡ് വർധനയാണ് അനുഭവപ്പെടുന്നത്. ഡിസംബറിൽ മാത്രം 806405 സംഭവങ്ങളാണ് ആംബുലൻസ് സഹായം ലഭ്യമായത്. ബ്രിട്ടനിൽ ഫ്ലൂ ബാധിതരുടെ എണ്ണം കൂടുമ്പോഴും ഫ്ലൂ ബാധിച്ച് സ്കോട്ട്ലാൻഡിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 36ശതമാനം കുറവ് വന്നതായാണ് കണക്കുകൾ വിശദമാക്കുന്നത്. വ്യാപകമായ രീതിൽ ഫ്ലൂ വാക്സിൻ ലഭ്യമായതാണ് സ്കോട്ട്ലാൻഡിന് സഹായകരമായതെന്നാണ് സൂചനകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം