ഷട്ടറുകളിൽ തടികൾ വന്ന് അടിഞ്ഞു, മിനസോട്ടയിൽ അണക്കെട്ടിനെ ചുറ്റിയൊഴുകി പ്രളയജലം, ഒലിച്ച് പോയി വീടുകൾ

By Web Team  |  First Published Jun 25, 2024, 12:31 PM IST

അമേരിക്കയിലെ മിനസോട്ടയിലെ മാൻകാറ്റോയിലെ റാപിഡാൻ അണക്കെട്ടാണ് ഏതു നിമിഷവും തകർന്നേക്കുമെന്ന അവസ്ഥയിലുള്ളത്


മിനസോട്ട: കനത്ത മഴയ്ക്ക് പിന്നാലെ അണക്കെട്ടിനെ ചുറ്റിയൊഴുകി കുതിച്ചെത്തിയ പ്രളയജലം. വൈദ്യുതി സബ്സ്റ്റേഷൻ തകർന്നു. നദീ തീരത്തെ വീടുകൾ ഒലിച്ച് പോയി. ആളുകളെ ഒഴുപ്പിച്ച് ദുരന്ത നിവാരണ സേന. അമേരിക്കയിലെ മിനസോട്ടയിലെ മാൻകാറ്റോയിലെ റാപിഡാൻ അണക്കെട്ടാണ് ഏതു നിമിഷവും തകർന്നേക്കുമെന്ന അവസ്ഥയിലുള്ളത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അണക്കെട്ടിലേക്ക് കുതിച്ചെത്തിയ പ്രളയജലം ഷട്ടറുകൾ ഉയർത്തിയിട്ടും നിയന്ത്രണ വിധേയമായിരുന്നില്ല. 

ഇതിന് പിന്നാലെയാണ് പ്രളയ ജലം അണക്കെട്ടിന്റെ പശ്ചിമ ഭാഗത്ത് കൂടി വളഞ്ഞ് ഒഴുകാൻ ആരംഭിച്ചത്. ഇതോടെ ഈ ഭാഗത്തുണ്ടായിരുന്ന വൈദ്യുത സബ് സ്റ്റേഷൻ തകർന്നു. ഡാമിന്റെ പരിസരത്തുള്ള വീടുകൾ തകരുകയും ഏത് നിമിഷവും ബ്ലൂ എർത്ത് നദിയിലേക്ക് കൂപ്പ് കുത്താമെന്ന അവസ്ഥയിലാണുള്ളത്. ജലനിരപ്പ് നിരന്തരമായി നിരീക്ഷിക്കുകയാണെന്നും ആളുകളെ ഒഴുപ്പിക്കുന്നത് തുടരുകയാണെന്നുമാണ് മിനസോട്ടയിലെ ബ്ലൂ എർത്ത് കൌണ്ടി അധികൃതർ വിശദമാക്കുന്നത്. മാൻകാറ്റോയിൽ നിന്ന് 12 മൈൽ അകലെയാണ് റാപിഡാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. വെള്ളപ്പാച്ചിലിനൊപ്പമെത്തിയ മരങ്ങളും തടികളും അണക്കെട്ടിൽ തടഞ്ഞ് നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

Latest Videos

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ബ്ലൂ എർത്ത് നദി പ്രളയ ഭീതി പരത്തുന്നുണ്ട്. ഡാം തകർന്നേക്കാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് ബ്ലൂ എർത്ത് കൌണ്ടി ദുരന്ത നിവാരണ സേന ഡയറക്ടർ വിശദമാക്കുന്നത്. 28 അടി ഉയരത്തിലധികമാണ് നിലവിൽ അണക്കെട്ടിലുള്ള ജലനിരപ്പ്. ജലനിരപ്പ് 39 അടിയെത്തിയാൽ അണക്കെട്ടിന്റെ പരമാവധി ശേഷിയാവും. കഴിഞ്ഞ അഞ്ച് വർഷമായി ഈ അണക്കെട്ടിൽ നിന്ന് വൈദ്യുത ഉൽപാദനം നിർത്തി വച്ചിരിക്കുകയായിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!