229 പേരുമായി പറക്കവെ വിമാനം ആകാശച്ചുഴിയിൽ, 5 മിനിറ്റിൽ 6000 അടി താഴ്ചയിലേക്ക്; ഒരു മരണം, 30 പേർക്ക് പരിക്ക്

By Web Team  |  First Published May 21, 2024, 9:20 PM IST

ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം യാത്ര തുടരുന്നതിനെ ജീവനക്കാർ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് ആകാശച്ചുഴിയിൽ പെട്ടത്.


ബാങ്കോക്ക്: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്ന വിമാനം, അടിയന്തിര സാഹചര്യത്തെ തുടർന്ന് ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. ചൊവ്വാഴ്ച ബാങ്കോക്കിലെ പ്രാദേശിക സമയം വൈകുന്നേരം 3.45ഓടെയായിരുന്നു എമർജൻസി ലാൻഡിങ്. ഒരാളുടെ മരണവും മറ്റുള്ളവരുടെ പരിക്കുകളും വിമാനക്കമ്പനി സ്ഥിരീകരിച്ചു.

ബോയിങ് 777-300 ഇ.ആർ വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം യാത്ര തുടരുന്നതിനെ ജീവനക്കാർ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് ആകാശച്ചുഴിയിൽ പെട്ടത്. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ആൻഡമാൻ കടലിന് മുകളിൽ വെച്ച് ഏതാണ്ട് അഞ്ച് മിനിറ്റ് കൊണ്ട് വിമാനം 1800 മീറ്ററിലേറെ (6000 അടി) താഴ്ചയിലേക്ക് എത്തി. 3.35നാണ് ബാങ്കോക്ക് വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് അനുമതി തേടി സന്ദേശം ലഭിച്ചതെന്ന് അധികൃതർ പറ‌ഞ്ഞു. 3.45ന് ലാൻഡ് ചെയ്ത ശേഷം യാത്രക്കാർക്ക് അടിയന്തിര വൈദ്യ സഹായം എത്തിച്ചു.

Latest Videos

73 വയസുകാരനായ ബ്രിട്ടീഷ് പൗരനാണ് മരിച്ചത്. ഹൃദയാഘാതമായിരിക്കാം ഇദ്ദേഹത്തിന്റെ മരണ കാരണമെന്നാണ് അനുമാനം. ഏഴ് പേർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. 18 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മറ്റ് 12 പേർക്ക് ആശുപത്രികളിൽ ചികിത്സ നൽകി വിട്ടയച്ചു. സംഭവത്തിൽ ഖേദവും യാത്രക്കാരന്റെ മരണത്തിൽ അനുശോചനവും അറിയിച്ച സിംഗപ്പൂർ എയർലൈൻസ്, യാത്രക്കാർക്ക് സഹായം എത്തിക്കാനായി ഒരു സംഘത്തെ ബാങ്കോക്കിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!