8 മണിക്കൂറിൽ പെയ്തത് ഒരു കൊല്ലത്തെ മഴ, മിന്നൽ പ്രളയത്തിൽ മരിച്ചത് 200ലേറെ പേർ, മുന്നറിയിപ്പിൽ പാളി സ്പെയിൻ

By Web TeamFirst Published Nov 2, 2024, 8:48 AM IST
Highlights

ഏറെക്കാലമായി മഴ ലഭിക്കാതിരുന്ന മേഖലയിൽ വെറും എട്ട് മണിക്കൂറിൽ പെയ്തിറങ്ങിയത് ഒരു കൊല്ലം ലഭിക്കേണ്ട മഴ. മുന്നറിയിപ്പ് സംവിധാനങ്ങളും പാളിയതോടെ സ്പെയിനിൽ പ്രളയക്കെടുതി രൂക്ഷം

വലൻസിയ: എട്ട് മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് ഒരു വർഷം പെയ്യേണ്ട മഴ. മുന്നറിയിപ്പ് സംവിധാനങ്ങൾ പാടേ പാളിയതോടെ സ്പെയിനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിലാണ് രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രളയത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് സൂചന. മെഡിറ്ററേനിയൻ തീരത്തെ വലൻസിയ മേഖലയിലാണ്  ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത്. 

25000 ആളുകൾ താമസിക്കുന്ന പൈ പോർട്ടയിൽ 62 പേരാണ് നിലവിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ശക്തമായ മഴയേക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകാൻ സാധിക്കാതിരുന്നതിനാൽ കാറുകളിലും കെട്ടിടങ്ങളിലെ കീഴ് നിലകളിലുള്ളവരും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും അതിശക്ത മഴയിലേക്ക് എത്താനുള്ള സാഹചര്യമൊരുക്കിയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ചൊവ്വാഴ്ച പ്രാദേശിക സമം വൈകുന്നേരം ഏഴ് മണിയോടെ മാത്രമാണ് അതിശക്ത മഴയുടെ മുന്നറിയിപ്പ് അധികൃതർ ജനങ്ങൾക്ക് നൽകിയത്. ഇതിനോടകം പ്രളയ ജലം നിരവധി വീടുകളിലേക്കും റോഡുകളേയും വെള്ളത്തിൽ മുക്കിയിരുന്നു. പ്രളയത്തേക്കുറിച്ച് ധാരണയില്ലാതെ വാഹനങ്ങളിൽ റോഡുകളിൽ കുടുങ്ങിയവരാണ് മിന്നൽ പ്രളയത്തിൽ മരിച്ചവരിൽ ഏറെയുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രളയ ജലത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന കാറുകൾ വെള്ളത്തിൽ ഒലിച്ച് നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്യ ഉട്ടിയൽ, ചിവ തുടങ്ങിയ മേഖലയിലും മഴ പെയ്തെങ്കിലും പൈ പോർട്ടയിലാണ് പ്രളയം സാരമായി ബാധിച്ചത്. 

Latest Videos

ഫ്ലാറ്റുകളിലെ ഗ്രൌണ്ട് ഫ്ലോറുകൾ പൂർണമായി മുങ്ങി. കെയർ ഹോമുകളുടെ ഒന്നാം നിലയിലുണ്ടായിരുന്ന നിരവധി അന്തേവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളം കയറാൻ തുടങ്ങിയതോടെ ഗാരേജുകളിൽ നിന്ന് കാർ പുറത്ത് എത്തിക്കാൻ ശ്രമിച്ചവരും  മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. തീരമേഖലയോട് ചേർന്ന മേഖലകളിൽ കടൽ തീരത്ത് നിന്ന് ഏഴ് കിലോമീറ്ററോളം ജനവാസ മേഖല പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ് ഉള്ളത്. ഏറെക്കാലമായി മഴ പെയ്യാതിരുന്ന മേഖലയിൽ പെട്ടന്നുണ്ടായ അതിശക്ത മഴയിലെ ജലം ആഗിരണം ചെയ്യാൻ സാധ്യമാകാത്ത നിലയിൽ മണ്ണിനെ എത്തിച്ചതായും വിദഗ്ധർ നിരീക്ഷിക്കുന്നത്. എട്ട് മണിക്കൂറിൽ ചിവയിൽ മാത്രം പെയ്തിറങ്ങിയത് ഒരു വർഷത്തിൽ ഈ മേഖലയിൽ ലഭിക്കുന്ന മുഴുവൻ മഴയാണെന്നാണ് സ്പെയിനിലെ കാലാവസ്ഥാ വകുപ്പ് വിശദമാക്കിയത്. 

യൂറോപ്പിലെ മറ്റ് മേഖലകളിലും അസാധാരണ മഴയാണ് ലഭിക്കുന്നത്. സെപ്തംബർ മാസത്തിന്റെ മധ്യത്തോടെ യൂറോപ്പിന്റെ മധ്യമേഖലയിലെല്ലാം തന്നെ ശക്തമായ മഴയാണ് പെയ്യുന്നത്. പ്രവചനം പോലും അസാധ്യമായ രീതിയിലാണ് താപനില ഉയരുന്നതിന് പിന്നാലെ ഹൈഡ്രോളജിക്കൾ സൈക്കിൾ നടക്കുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!