ദ്വീപിൽ നിന്ന് ബീച്ചിലേക്ക് റോഡുകൾ ഇല്ലാത്തതിനാൽ ഏറെ പാടുപെട്ടാണ് ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്. ഹെലികോപ്ടറുകളുടെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
ഏതൻസ്: ഗ്രീസിലെ ഹൈഡ്ര ദ്വീപിൽ കാട്ടുതീ പടർന്ന സംഭവത്തിൽ 13 പേർ അറസ്റ്റിൽ. ആഡംബര നൌകയിൽ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് ദ്വീപിൽ കാട്ടുതീ പടർന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഏതൻസിന് തെക്കൻ മേഖലയിലുള്ള ഈ ദ്വീപ് വിനോദ സഞ്ചാര മേഖലയിൽ ഏറെ പേരുകേട്ടതാണ്.
ദ്വീപിൽ നിന്ന് ബീച്ചിലേക്ക് റോഡുകൾ ഇല്ലാത്തതിനാൽ ഏറെ പാടുപെട്ടാണ് ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്. ഹെലികോപ്ടറുകളുടെ സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗ്രീസ് പൌരന്മാരാണ് അറസ്റ്റിലായ 13 പേരുമെന്നാണ് ഗ്രീസ് ഫയർ സർവ്വീസ് ശനിയാഴ്ച വിശദമാക്കിയത്. ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. ഈ വർഷം ആദ്യത്തിൽ ഉഷ്ണ തരംഗത്തിന് പിന്നാലെയുണ്ടായ കാട്ടുതീയിൽ നിന്ന് ഗ്രീസ് കരകയറുന്നതിനിടെയാണ് വെള്ളിയാഴ്ചത്തെ സംഭവം. തദ്ദേശീയരുടെ അശ്രദ്ധ മൂലം പൈൻ കാടുകളിൽ തീ പടർന്ന സംഭവം ഗ്രീസിൽ വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
വേനൽക്കാലമായതിനാൽ കാട്ടു തീ മുന്നറിയിപ്പുകൾ നില നിൽക്കുന്നതിനിടെയാണ് ആഡംബര യാച്ചിലെ കരിമരുന്ന് പ്രയോഗമെന്നതാണ് ശ്രദ്ധേയമായ കാര്യം. സമാനമായ മറ്റൊരു സംഭവത്തിൽ തുർക്കിയിൽ കൃഷിയിടത്തിലുണ്ടായ തീപിടുത്തം അധികൃതർ നിയന്ത്രണവിധേയമാക്കിയിരുന്നു. 12 പേരാണ് ഇന്നലെ പടർന്ന തീയിൽ മരിച്ചത് . വൈക്കോലിനിട്ട തീയാണ് ആളിപ്പടർന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം