വേ ഓഫ് സെന്റ് ജെയിംസ് എന്നും കാമിനോ ഡേ സാന്റിയാഗോ എന്ന പേരിലും പ്രശസ്തമായ കത്തോലിക്കാ തീർത്ഥാടനത്തിനിടയിലാണ് സ്ത്രീ തീർത്ഥാടകർ അതിക്രമം നേരിടേണ്ടി വന്നതായി റിപ്പോർട്ട്
ബാർസിലോണ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച തീർത്ഥാടക പാതയിൽ സഞ്ചരിച്ച സ്ത്രീകൾ നേരിടേണ്ടി വന്നത് വലിയ രീതിയിലെ ലൈംഗിക അതിക്രമമെന്ന് റിപ്പോർട്ട്. വേ ഓഫ് സെന്റ് ജെയിംസ് എന്നും കാമിനോ ഡേ സാന്റിയാഗോ എന്ന പേരിലും പ്രശസ്തമായ കത്തോലിക്കാ തീർത്ഥാടനത്തിനിടയിലാണ് സ്ത്രീകൾക്കെതിരായ അതിക്രമം നടന്നുവെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. സ്പെയിനിലെ പ്രാദേശിക പാതകളിലൂടെയും പോർച്ചുഗലിന്റെയും ഫ്രാൻസിന്റേയും വിവിധ ഭാഗങ്ങളിലൂടെയുമാണ് കാമിനോ ഡേ സാന്റിയാഗോ തീർത്ഥാടനം നടക്കുന്നത്. 2015മുതൽ ഈ തീർത്ഥാടന യാത്രയ്ക്കായി പോയ വനിതാ തീർത്ഥാടകരുടെ അനുഭവങ്ങൾ ശേഖരിച്ച കാമിഗസ് എന്ന ഓൺലൈൻ ഫോറം ലഭ്യമാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദി ഗാർഡിയനിലെ റിപ്പോർട്ട്.
അടുത്ത കാലത്തായി ഈ പാതയിലൂടെയുള്ള തീർത്ഥാടനത്തിന് സ്ത്രീകളും പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം ഈ തീർത്ഥാടന യാത്രയിൽ പങ്കെടുത്തതിൽ 53 ശതമാനം സ്ത്രീകളായിരുന്നു. തനിച്ചും സംഘമായും കാൽനടയായാണ് കാമിനോ ഡേ സാന്റിയാഗോ തീർത്ഥാടനം നടക്കുന്നത്. വടക്ക് പടിഞ്ഞാറൻ സ്പെയിനിലെ ഗലീസിയയിൽ സ്ഥിതി ചെയ്യുന്ന സാൻഡിയാഗോ ഡേ കംപോസ്റ്റെലാ കത്തീഡ്രൽ ദേവാലയത്തിലേക്കാണ് ഈ തീർത്ഥാടനം നടക്കാറുള്ളത്. ക്രിസ്തുവിന്റെ അപോസ്തലനായ യാക്കോബിന്റെ ശവകൂടീരത്തിലാണ് തീർത്ഥാടന യാത്ര അവസാനിക്കുന്നത്. ആഗോളതലത്തിൽ കത്തോലിക്കാ തീർത്ഥാടന പാതകളിൽ ഏറെ പ്രാധാന്യമുള്ള പാതയാണ് ഇത്. ഈ പാതയിൽ നിരവധി ദേവാലയങ്ങളാണ് തീർത്ഥാടകർ കാൽനടയായി സന്ദർശിക്കുന്നത്.
undefined
പുരാതന റോമൻ വ്യാപാര പാതയിലൂടെ 700 കിലോമീറ്ററോളമാണ് തീർത്ഥാടകർ സഞ്ചരിക്കുന്നത്. പ്രാദേശിക പാതയിലൂടെ ഒറ്റയ്ക്കുള്ള തീർത്ഥാടനത്തിനിടെ വനിതാ വിശ്വാസികൾ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളേക്കുറിച്ച് ചർച്ചകൾ ചെയ്യപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് കാമിഗാസ എന്ന ഓൺലൈൻ ഫോറം സ്ഥാപകയായ ലോറേന ഗൈബോർ ഇതിനായി തുനിഞ്ഞിറങ്ങിയത്. 2015മുതൽ ഈ തീർത്ഥാടനത്തിന് പോയ വനിതാ തീർത്ഥാടകരുമായി സംസാരിച്ചാണ് കാമിഗാസ് റിപ്പോർട്ട് തയ്യാറാക്കിയത്.
തനിച്ച് സഞ്ചരിക്കുന്ന വനിതാ തീർത്ഥാടകർക്ക് സ്പെയിനിലും പോർച്ചുഗലിലും സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരേയും അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ ധരിക്കാതെ എത്തിയ പുരുഷന്മാരേയും നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. കമന്റടികളും തട്ടിക്കൊണ്ട് പോകാനുള്ള ശ്രമവും നേരിട്ടവരും തീർത്ഥാടകർക്കിടയിലുണ്ട് എന്നത് തനിച്ചുള്ള സ്ത്രീ യാത്രികർക്ക് ആഗോള തലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
പൊലീസിനെ സഹായത്തിനായി വിളിച്ചപ്പോൾ പ്രതികരിക്കാത്ത അവസ്ഥയും ചില വനിതാ തീർത്ഥാടകർ നേരിട്ടിട്ടുണ്ട്. 700 കിലോമീറ്ററോളം ട്രെക്ക് ചെയ്തുള്ള തീർത്ഥാടനം ഏറെ പ്രചോദനം നൽകുന്നതാണെങ്കിലും യാത്രയ്ക്കിടയിലെ ഇത്തരം അനുഭവങ്ങൾ ജീവിതം മുഴുവൻ ദുരനുഭവമായി പിന്തുടരുമെന്നാണ് പല വനിതാ യാത്രക്കാരും പ്രതികരിക്കുന്നത്. 2019ൽ ഈ തീർത്ഥാടനത്തിനായി പോയ വനിതാ മാധ്യമ പ്രവർത്തകയും സമാനമായ അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരം സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2018ൽ വെനസ്വലക്കാരിയായ 50കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ വർഷം സ്പെയിനിൽ നിന്നുള്ള 24കാരിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിനിടെ 48കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019ൽ ജർമനിയിൽ നിന്നുള്ള തീർത്ഥാടകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച 78കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം