അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് പിന്നാലെ വൻ പ്രഹര ശേഷിയുള്ള ഡ്രോണുകൾ വലിയ അളവിൽ നിർമ്മിക്കാൻ നിർദ്ദേശവുമായി കിം ജോംഗ് ഉൻ
പ്യോംങ്യാംഗ്: ശത്രുവിനെ ഒളിയിടത്തിൽ എത്തി ആക്രമിച്ച് വീഴ്ത്താൻ വൻ പ്രഹര ശേഷിയുള്ള ഡ്രോണുകൾ തയ്യാറാക്കാൻ ഉത്തര കൊറിയ. ലക്ഷ്യസ്ഥാനങ്ങളിൽ എത്തി ഇടിച്ചിറങ്ങി പൊട്ടിച്ചിതറാനുള്ള ശേഷിയുള്ള രീതിയിള്ള ഡ്രോണുകൾ വലിയ രീതിയിൽ നിർമ്മിക്കാനാണ് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക മാധ്യമങ്ങൾ വെള്ളിയാഴ്ച വിശദമാക്കിയത്. അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പുതിയ നീക്കമെന്നാണ് അന്തർ ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
നവീന യുദ്ധ വിമാനങ്ങൾ അടക്കമുള്ളതായിരുന്നു അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ സംയുക്ത സൈനിക അഭ്യാസം. ഇതിന് ശക്തമായ പ്രകോപനമായാണ് ഉത്തര കൊറിയ നിരീക്ഷിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ആളില്ലാ ആകാശ വാഹനങ്ങളുടെ സമീപത്ത് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് നിൽക്കുന്ന കിമ്മിന്റെ ചിത്രമാണ് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമം പുറത്ത് വിട്ടിട്ടുള്ളത്. ഓഗസ്റ്റിൽ ഉത്തര കൊറിയ അവതരിപ്പിച്ച ഡ്രോണുകൾക്ക് സമാനമാണ് ഇവയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓഗസ്റ്റിൽ ഡ്രോണുകളുടെ പ്രഹര ശേഷി കിം നിരീക്ഷിച്ചിരുന്നു.
undefined
ബിഎം ഡബ്ല്യു സെഡാൻ, പഴ മോഡൽ ടാങ്കുകൾ എന്നിവ തകർക്കുന്ന ഡ്രോണുകളുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഡ്രോണുകളുടെ പ്രഹര ശേഷിയിൽ കിം സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് വിശദമാക്കുന്നതായിരുന്നു കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയിൽ വന്ന വാർത്തകൾ. പൂർണമായ രീതിയിൽ വലിയ രീതിയിൽ ഇത്തരം ആയുധങ്ങൾ ഒരുക്കുന്നതായാണ് നിലവിലെ സൂചനകൾ. സൈനിക ആവശ്യങ്ങൾക്ക് വളരെ കുറഞ്ഞ ചെലവിൽ നിഷ്പ്രയാസം ഇവ നിർമ്മിക്കാമെന്നാണ് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി വിശദമാക്കിയത്.
കഴിഞ്ഞ മാസത്തിൽ ഉത്തര കൊറിയൻ വിരുദ്ധ പ്രചാരണങ്ങളുമായി ദക്ഷിണ കൊറിയൻ നിർമ്മിതമായ ഡ്രോണുകൾ രാജ്യത്ത് എത്തിയെന്ന് ഉത്തര കൊറിയ ആരോപിച്ചിരുന്നു. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോംങ്യാംഗിലും ഇവ എത്തിയെന്നായിരുന്നു ഉത്തര കൊറിയ ആരോപിച്ചത്. എന്നാൽ ഇത്തരം ഡ്രോണുകൾ അയച്ചെന്ന ആരോപണം ദക്ഷിണ കൊറിയ നിഷേധിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം