77 തിമിംഗലങ്ങൾ കൂട്ടമായി കരയ്ക്കടിഞ്ഞ് ചത്തു; ഇത്രയധികം തിമിംഗലങ്ങളുടെ കൂട്ടമരണം പതിറ്റാണ്ടുകൾക്കിടയിൽ ഇതാദ്യം

By Web Team  |  First Published Jul 13, 2024, 9:42 AM IST

അപകടത്തിൽപ്പെട്ട ഒരു തിമിംഗലത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവ കരയ്ക്കടിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം


എഡിൻബർഗ്: സ്കോട്ട്‍ലൻഡിൽ തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്ത് കരയ്ക്കടിഞ്ഞു. 77 തിമിംഗലങ്ങളാണ് ചത്തത്. കാരണം വ്യക്തമല്ലെന്നും പരിശോധിച്ച് വരികയാണെന്നും സ്കോട്ട്‍ലൻസ് മറൈൻ റസ്ക്യൂ വകുപ്പ് അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തിമിംഗല കൂട്ട മരണമാണ് സംഭവിച്ചിരിക്കുന്നത്. 

ഓർക്ക്‌നിയിലെ ബീച്ചിലാണ് പൈലറ്റ് വെയിൽസ് ചത്തടിഞ്ഞത്. തീരത്തടിഞ്ഞ 12 എണ്ണത്തിന് ജീവനുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈൻ ലൈഫ് റെസ്‌ക്യൂ അറിയിച്ചു. എന്നാൽ തിരികെ കടലിലേക്ക് വിടാൻ സാധിക്കാതെ വന്നതോടെ ദയാവധം തീരുമാനിക്കുകയായിരുന്നു. 22 അടി നീളമുള്ള ആണ്‍ തിമിംഗലങ്ങളും പെണ്‍ തിമിംഗലങ്ങളും കുഞ്ഞുങ്ങളും അടങ്ങിയ തിമിംഗല വ്യൂഹമാണ് കരയ്ക്കടിഞ്ഞത്. 

Latest Videos

ഭയാനകവും വൈകാരികവുമായ രംഗം എന്നാണ് രക്ഷാപ്രവർത്തനത്തിന് എത്തിയ ബിഡിഎംഎൽആർ പ്രതിനിധികൾ പ്രതികരിച്ചത്. കരയ്ക്കടിഞ്ഞ തിമിംഗലങ്ങളുടെ ശരീരത്തിലേക്ക് കടൽ വെള്ളം ഒഴിച്ചു കൊടുത്ത് ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് ജീവൻ ശേഷിച്ചവയുടെ ദയാവധം നടത്താൻ തീരുമാനിച്ചത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കാരണം വ്യക്തമാകൂ എന്ന് വിദഗ്ധർ അറിയിച്ചു. അപകടത്തിൽപ്പെട്ട ഒരു തിമിംഗലത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവ കരയ്ക്കടിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ പൊതുജനങ്ങളോട് പ്രദേശത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ചത്ത തിമിംഗലങ്ങളെ എങ്ങനെ സംസ്കരിക്കാം എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഓർക്ക്‌നി ഐലൻഡ്‌സ് കൗൺസിൽ വക്താവ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകാത്ത വിധം സംസ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

1995 ന് ശേഷം സ്‌കോട്ട്‌ലൻഡിലുണ്ടായ ഏറ്റവും വലിയ തിമിംഗല ദുരന്തമാണിത്. കഴിഞ്ഞ വർഷം 55 പൈലറ്റ് തിമിംഗല കൂട്ടം ലൂയിസിൽ ചത്തടിഞ്ഞിരുന്നു. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം റിപ്പോർട്ട് പ്രകാരം 1927ൽ യു കെയിലാണ് ഏറ്റവും വലിയ തിമിംഗല കൂട്ട മരണം സംഭവിച്ചത്. അന്ന് 130ലധികം തിമിംഗലങ്ങളാണ് കരയ്ക്ക് അടിഞ്ഞത്.

സെലൻസ്കിയെ പുടിനെന്ന് വിളിച്ചു, കമല ഹാരിസിനെ ട്രംപെന്നും; ബൈഡന് വീണ്ടും നാക്കുപിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!