കാനഡയിൽ ട്രൂഡോയെ പുറത്താക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ് എന്നാണ് മസ്കിനെ ടാഗ് ചെയ്ത് ഒരാൾ കമന്‍റിട്ടത്
ന്യൂയോര്‍ക്ക്: അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കാനഡയിലെ ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിന്‍റെ പതനം പ്രവചിച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയം വരെ മസ്ക്ക് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കനേഡിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് 2025 ഒക്‌ടോബർ 20നോ അതിനു മുമ്പോ ആണ് നടക്കുക.
എക്സില്‍ വന്ന ഒരു പ്രതികരണത്തിന് മറുപടി നല്‍കുമ്പോഴാണ് ജസ്റ്റിൻ ട്രൂഡോ തോല്‍ക്കുമെന്ന് മസ്ക് പ്രവചിച്ചത്. കാനഡയിൽ ട്രൂഡോയെ പുറത്താക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ് എന്നാണ് മസ്കിനെ ടാഗ് ചെയ്ത് ഒരാൾ കമന്‍റിട്ടത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം തോല്‍ക്കുമെന്ന് മസ്ക് മറുപടി കുറിക്കുകയായിരുന്നു. 2013 മുതൽ ലിബറൽ പാർട്ടിയെ നയിക്കുന്ന ജസ്റ്റിൻ ട്രൂഡോയെ സംബന്ധിച്ചിടത്തോളം അടുത്ത വർഷത്തെ തെരഞ്ഞെടുപ്പ് നിർണായകമാണ്.
2025ൽ ട്രൂഡോയുടെ പാർട്ടി പ്രതിപക്ഷ നേതാവ് പിയറി പൊയിലീവർ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കും ജഗ്മീത് സിംഗിന്‍റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കും എതിരെയാണ് മത്സരിക്കുക. കാനഡയിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റത്തെ പിന്തുണച്ചതിന് ട്രൂഡോയുടെ മേൽ സമ്മർദ്ദം കനക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം ഇന്ത്യ - കാനഡ ബന്ധം വഷളായ സാഹചര്യമാണ്. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. നിജ്ജര്‍ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ കനേഡിയന്‍ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചതായിരുന്നു ഇന്ത്യയെ ചൊടിപ്പിച്ചത്.
ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂൺ 18 -നാണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ - കാനഡ ബന്ധത്തെ വഷളാക്കിയിരുന്നു.
ഒരുപാട് പേരാണ് ഇങ്ങനെയുള്ള പരാതികളുമായി ആര്‍ടി ഓഫീസിൽ എത്തുന്നത്; മുന്നറിയിപ്പുമായി എംവിഡി
അസഹ്യ ദുർഗന്ധം, ബീച്ചുകളിൽ കാണപ്പെട്ട നിഗൂഡമായ കറുത്ത ചെറിയ പന്തുകൾ പോലെയുള്ള വസ്തു; ആശങ്കയോടെ നാട്