ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; തലസ്ഥാനം ഉൾപ്പെടെ ഇരുട്ടിൽ, തെരുവുകളിൽ അടുപ്പ് കൂട്ടി ജനങ്ങൾ

By Web TeamFirst Published Oct 21, 2024, 11:04 PM IST
Highlights

വൈദ്യുതി വിതരണം മുടങ്ങിയതോടെ പലയിടങ്ങളിലും ജലവിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ പ്രതിസന്ധിയിലായി. 

ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവർ പ്ലാൻ്റുകളിലൊന്ന് തകരാറിലായതിനെ തുടർന്നാണ് ക്യൂബ ഇരുട്ടിലായത്. ക്യൂബയിലെ ദശലക്ഷക്കണക്കിന് ആളുകൾ രണ്ട് ദിവസം വൈദ്യുതി ഇല്ലാതെ പ്രതിസന്ധിയിലായി. 20 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ അധികാരികൾ ചില മേഖലകളിൽ നേരിയ രീതിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് റിപ്പോർട്ട്. എങ്കിലും ഹവാനയുടെ ഭൂരിഭാഗവും ഇപ്പോഴും ഇരുട്ടിലാണ്. 

ജലവിതരണം പോലെയുള്ള സേവനങ്ങൾക്ക് പമ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതിയെ ആശ്രയിക്കുന്നതിനാൽ വൈദ്യുതി മുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. റഫ്രിജറേറ്ററുകളിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം മോശമാകുന്നതിന് മുമ്പ് ആളുകൾ തെരുവുകളിൽ വിറക് അടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ഹവാനയുടെ കിഴക്ക് മാറ്റാൻസാസ് പ്രവിശ്യയിലെ അൻ്റണിയോ ഗ്വിറ്ററസ് തെർമോ പവർ പ്ലാൻ്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. വൈദ്യുതി പൂർണമായും എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമല്ല. 

Latest Videos

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും ക്യൂബയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അറ്റ്‌ലാൻ്റിക് ചുഴലിക്കാറ്റ് സീസണിലെ പത്താമത്തെ ചുഴലിക്കാറ്റായ ഓസ്കാർ ചുഴലിക്കാറ്റായി വികസിച്ചതിനാൽ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. തെക്കുകിഴക്കൻ ബഹാമാസിൻ്റെയും ക്യൂബയുടെയും ചില ഭാഗങ്ങളിൽ ഓസ്കാർ ചുഴലിക്കാറ്റ് അപകടകരമായി തുടരുകയണെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിലാണ് ഓസ്കാർ ക്യൂബയോട് അടുക്കുന്നത്. 

ഇതാദ്യമായല്ല ക്യൂബയിൽ പവർ പ്ലാന്റ് തകരാറിലായതിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറാകുന്നത്. എന്നാൽ ഇത്രയും മോശാമായ അവസ്ഥയുണ്ടാകുന്നത് ഇത് ആദ്യമാണ്. അതേസമയം, ക്യൂബയിലെ പലയിടങ്ങളിലും സ്കൂളുകളും സർക്കാർ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി നേരിടാനായി അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇലക്ട്രിക്കൽ ഗ്രിഡിലെ പ്രശ്നങ്ങൾ ഇടയ്ക്കിടെ ആവർത്തിക്കുന്നതിനാൽ നിരവധി തവണ ജനങ്ങൾ പ്രതിഷേധവുമായി എത്തിയിരുന്നു.

ക്യൂബയ്ക്ക് ഊർജം  ലഭിക്കുന്നത് അൻ്റോണിയോ ഗ്വിറ്ററസ് പോലെയുള്ള വലിയ തെർമോ ഇലക്ട്രിക് പ്ലാൻ്റുകളിൽ നിന്നുമാണ്. ഇത് പ്രവർത്തിക്കാനുള്ള ക്രൂഡ് ഓയിൽ പകുതിയോളം ഉത്പാദിപ്പിക്കുന്നത് രാജ്യത്ത് തന്നെയാണ്. ബാക്കിയുള്ളവ അന്താരാഷ്ട്ര വിപണിയിൽ നിന്ന് വാങ്ങണം. യുഎസ് ഉപരോധം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതി ക്യൂബയെ സംബന്ധിച്ചിടത്തോളം ഏറെ ചെലവേറിയതാണ്. അതിനാൽ വില കുറഞ്ഞ ഇന്ധനത്തിനായി വെനസ്വേല, റഷ്യ തുടങ്ങിയ സഖ്യരാജ്യങ്ങളെയും ക്യൂബ ആശ്രയിക്കുന്നുണ്ട്. ബദൽ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ പവർ ഗ്രിഡ് നവീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

READ MORE:  എടിഎമ്മിലേയ്ക്ക് കൊണ്ടുപോയ പണം തട്ടിയ കേസ്; മൂന്ന് പ്രതികളും പിടിയിൽ, വ്യാജ കവർച്ച പൊളിച്ചടുക്കി പൊലീസ്

click me!