അയൽ രാജ്യമായ തായ്വാനിൽ ശക്തമായ ഭൂചലനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ജപ്പാനിലും ഭൂചലനം ഉണ്ടായത്.
ടോക്കിയോ: ജപ്പാന്റെ കിഴക്കൻ തീരമായ ഹോൻഷുവിനെ വലച്ച് ഭൂചലനം. റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ചയാണ് ഉണ്ടായത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററാണ് വിവരം വ്യക്തമാക്കിയത്. ജപ്പാന്റെ അയൽ രാജ്യമായ തായ്വാനിൽ ശക്തമായ ഭൂചലനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ജപ്പാനിലും ഭൂചലനം ഉണ്ടായത്. ഭൂകമ്പം 32 കിലോമീറ്റർ (19.88 മൈൽ) ആഴത്തിലായിരുന്നുവെന്നാണ് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ വിശദമാക്കിയത്.
ലോകത്തിലെ തന്നെ ടെക്ടോണിക്കൽ ദുർബല മേഖലയിലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. അതിനാൽ തന്നെ ജപ്പാനിലെ നിർമ്മിതികൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ രാജ്യം നിർബന്ധിതമാക്കിയിട്ടുണ്ട്. 2011 മാർച്ച് മാസത്തിലുണ്ടായ റിക്ടർ സ്കെയിലിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനെ ഏറ്റവുമധികം ബാധിച്ച ചലനങ്ങളിലൊന്ന്. ഇതിന് പിന്നാലെയുണ്ടായ സുനാമിയിൽ 18500ഓളം പേരെയാണ് കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തത്. ബുധനാഴ്ച തായ്വാനിലുണ്ടായ 7.4 തീവ്രതയുള്ള ഭൂചലനത്തിൽ 9 പേർ കൊല്ലപ്പെടുകയും ആയിരത്തിൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
25 വർഷങ്ങക്കിടെയുണ്ടാവുന്ന ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് ഇന്നലെ തായ്വാനിലുണ്ടായത്. കുടുങ്ങിക്കിടക്കുന്ന നൂറിലധികം പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭൂചലനം ഏറ്റവും സാരമായി ബാധിച്ച ഹുവാലിയൻ പ്രവിശ്യയിൽ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എയർ ഡ്രോപ്പ് ചെയ്യുകയാണ് നിലവിൽ ചെയ്യുന്നത്. മലകൾ വെടിയുണ്ട പോലെ വന്ന് പതിക്കുകയായിരുന്നുവെന്നാണ് ഭൂകമ്പത്തേക്കുറിച്ച് രക്ഷപ്പെട്ടവരിലൊരാൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. മരിച്ച ഒൻപത് പേരിൽ മൂന്ന് പേരും മലഞ്ചെരുവിൽ ട്രെക്കിംഗിന് എത്തിയവരായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം