നെതന്യാഹുവിന്‍റെ വസതി ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം, തിരിച്ചടി സിൻവാർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം

By Web Team  |  First Published Oct 19, 2024, 3:36 PM IST

നെതന്യാഹു വസതിയിൽ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിൽ ആളപായമില്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. ലെബനനിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്നും അതൊരു കെട്ടിടത്തിൽ ഇടിച്ചെന്നും സൈന്യം.


ടെൽ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവാർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വസതി ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം. നെതന്യാഹു വസതിയിൽ ഉണ്ടായിരുന്നില്ലെന്നും ആക്രമണത്തിൽ ആളപായമില്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. 

പ്രധാനമന്ത്രിയുടെ സിസേറിയയിലെ വസതി ലക്ഷ്യമാക്കി യുഎവി (unmanned aerial vehicle) ആക്രമണം എന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചത്. പ്രധാനമന്ത്രിയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. 

Latest Videos

undefined

ലെബനനിൽ നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്നും അതൊരു കെട്ടിടത്തിൽ ഇടിച്ചെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രായേലിലേക്ക് എത്തിയ രണ്ട് ഡ്രോണുകളെ തടഞ്ഞെന്നും സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഡ്രോണ്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഇതുവരെ ഏറ്റെടുത്തിട്ടില്ല. 

യഹിയ സിന്‍വാറിന്റെ മരണം തലയിൽ വെടിയേറ്റിട്ടാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. സിന്‍വറിന്റെ കൈ തകർന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു സിൻവറിന്റെ തലയ്ക്ക്  വെടിയേറ്റത്. സിന്‍വറിന്റെ പോസ്റ്റ്മോർട്ടത്തിൽ പങ്കാളിയായ ഇസ്രയേൽ നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ന്യൂയോർക്ക് ടൈംസിനോടാണ് ഇക്കാര്യം വിശദമാക്കിയത്. 

നേരത്തെ സിൻവാറിന്‍റെ അവസാന നിമിഷങ്ങൾ ഇസ്രയേൽ പുറത്ത് വിട്ടിരുന്നു. ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ട ദൃശ്യത്തിൽ തകർന്ന വീടിനുള്ളിൽ ഒരു കട്ടിലിൽ സിൻവാർ ഇരിക്കുന്നതും അവസാന നിമിഷങ്ങളിലെ പ്രതിരോധമെന്നോണം ഡ്രോണിലേക്ക് ഒരു വസ്തു എറിയുന്നതും കാണാം.

സിൻവാർ കൊല്ലപ്പെട്ടെന്ന് ഹമാസും സ്ഥിരീകരിച്ചു. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് അൽ ഹയ്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു. പലസ്തീൻ മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്താലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്. 

എയർപോർട്ട് ജീവനക്കാരനൊപ്പം യാത്രക്കാരനും ശുചിമുറിയിലേക്ക്, സംശയം; പിടികൂടിയത് 1.27 കിലോഗ്രാം സ്വർണപ്പൊടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!