ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി അമേരിക്കയിലേയ്ക്ക്; കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് 

By Web Team  |  First Published Sep 18, 2024, 8:07 AM IST

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഈ മാസം 20ന് അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി യുഎൻ ഉച്ചകോടിയിലും പങ്കെടുക്കും. 


വാഷിംഗ്ടൺ: അടുത്തയാഴ്ച അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പബ്ലിക്കൻ പാ‍ർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തെ കുറിച്ച് മിഷിഗനിൽ നടത്തിയ തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാൽ എപ്പോൾ, എവിടെ വെച്ചാണ് കൂടിക്കാഴ്ച നടക്കുക എന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചിട്ടില്ല. 

അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധമാണ് ട്രംപ് കാത്തുസൂക്ഷിച്ചിരുന്നത്. ഹൂസ്റ്റണിൽ നരേന്ദ്ര മോദി പങ്കെടുത്ത 'ഹൌഡി മോഡി' എന്ന പരിപാടി ഇതിന് ഉദാഹരണമായിരുന്നു. ഇതിന് ശേഷം ഇന്ത്യയിലെത്തിയ ട്രംപിനെ 'നമസ്തേ ട്രംപ്' എന്ന പരിപാടിയിലൂടെയാണ് മോദി സ്വാഗതം ചെയ്തത്. ചൈനയുടെ സ്വാധീനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ രംഗത്തെ സഹകരണത്തിന് ട്രംപും മോദിയും വലിയ പ്രാധാന്യം നൽകിയിരുന്നു. പല അന്താരാഷ്ട്ര വിഷയങ്ങളിലും ഇരുരാജ്യങ്ങളുടെയും നിലപാട് ഇക്കാലയളവിൽ നിർണായകമായി. മോദിയുമായുള്ള കൂടിക്കാഴ്ചയിലൂടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യവും ട്രംപിനുണ്ട്.  

Latest Videos

അതേസമയം, ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി സെപ്റ്റംബർ 20ന് പ്രധാനമന്ത്രി അമേരിക്കയിലെത്തും. ക്വാഡ് ഉച്ചകോടി, യുഎൻ ഉച്ചകോടി തുടങ്ങി തന്ത്രപ്രധാനമായ നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും. സെപ്റ്റംബർ 24നാകും അദ്ദേഹം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുക. 

READ MORE: വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് ലക്ഷണങ്ങൾ; പരിശോധനാഫലം ഇന്ന് 

click me!