വിജയം ഉറപ്പിച്ചു, അണികളെ അഭിസംബോധന ചെയ്ത് ട്രംപ്; പ്രസം​ഗം ഒഴിവാക്കി കമല ഹാരിസ്

By Web Team  |  First Published Nov 6, 2024, 12:32 PM IST

നോർത്ത് കാരലൈനയിലും ജോർജിയയിലും ട്രംപ് വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 


ന്യൂയോ‍ർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാ‍‍ർത്ഥി ഡൊണാൾഡ് ട്രംപ് മുന്നേറ്റം തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം ട്രംപ് അധികാരത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അണികളെ അഭിസംബോധന ചെയ്യാനായി അദ്ദേഹം ഫ്ലോറിഡയിലേയ്ക്ക് തിരിച്ചെന്നാണ് വിവരം. എന്നാൽ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ നിർണായകമായ നോർത്ത് കാരലൈനയിലും ജോർജിയയിലും ട്രംപ് വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പാകുകയും കമലയ്ക്ക് ലീഡ് നേടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ ഡെമോക്രാറ്റിക് പാർട്ടി പ്രതിസന്ധിയിലാകുകയായിരുന്നു. സ്വിം​ഗ് സ്റ്റേറ്റുകളിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണ് ട്രംപിന്റെ മുന്നേറ്റത്തിന് ഊർജം പക‍ർന്നത്. വിസ്കോൺസിൻ, പെൻസിൽവാനിയ, അരിസോണ, മിഷി​ഗൺ എന്നിവിടങ്ങളിൽ ട്രംപ് ലീഡ് ചെയ്യുകയാണ്. നിർണായകമായ സ്വിം​ഗ് സ്റ്റേറ്റുകളിൽ ട്രംപ് അനുഭാവികൾ ആഘോഷം തുടങ്ങിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

Latest Videos

undefined

അതേസമയം, അധികാരം നഷ്ടപ്പെട്ട ശേഷം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അതിശക്തമായ തിരിച്ചുവരവാണ് ഡൊണാൾഡ് ട്രംപ് നടത്തിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 247 ഇലക്ട്രൽ വോട്ടുകൾ സ്വന്തമാക്കാൻ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. കമല ഹാരിസിന് 214 ഇലക്ട്രൽ വോട്ടുകളാണ് നേടാനായത്. 16 കോടിയിലധികം ആളുകളാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. പ്രസിഡന്റ് പദത്തിലെത്താൻ ആകെ 270 ഇലക്ട്രൽ വോട്ടുകളാണ് വേണ്ടത്. കമല ഹാരിസ് വിജയിച്ചാൽ അത് ചരിത്രമാകും. അമേരിക്കയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന നേട്ടം കമലയുടെ പേരിലാകും. മറുഭാ​ഗത്ത്, ട്രംപ് വിജയിച്ചാൽ അതും ചരിത്രമാകും. 127 വർഷത്തിന് ശേഷം തുടർച്ചയായല്ലാതെ ആദ്യമായി അധികാരത്തിൽ തിരിച്ചെത്തുന്ന വ്യക്തിയെന്ന നേട്ടമാണ് ട്രംപിന്റെ പേരിലാകുക. 2025 ജനുവരി 6-നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. 

READ MORE:  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കുതിച്ചുപാഞ്ഞ് ട്രംപ്; പ്രതീക്ഷ കൈവിടാതെ കമല ഹാരിസ്

click me!