പുടിനെ ഫോൺ വിളിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്, ആവശ്യപ്പെട്ടത് 'യുക്രൈനിൽ കൂടുതല്‍ പ്രകോപനം പാടില്ല'

By Web Team  |  First Published Nov 11, 2024, 9:37 AM IST

യൂറോപ്പിലെ യു എസ് സൈനിക സാന്നിധ്യത്തെക്കുറിച്ച് ട്രംപ്, പുടിനെ ഓര്‍മ്മപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്


ന്യുയോർക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായ ചര്‍ച്ച നടത്തി. ടെലിഫോണിലൂടെയുള്ള ചർച്ചയിൽ റഷ്യ - യുക്രൈന്‍ യുദ്ധം ചര്‍ച്ചയായി. യുക്രൈനില്‍ കൂടുതല്‍ പ്രകോപനങ്ങളിലേക്ക് കടക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടെന്നാണ് വിവരം. യൂറോപ്പിലെ യു എസ് സൈനിക സാന്നിധ്യത്തെക്കുറിച്ച് പുടിനെ ഓര്‍മ്മപ്പെടുത്തിയെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്‍റ് പദം ഏറ്റെടുക്കുക ജനുവരിയിലാണെങ്കിലും നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ വിദേശ രാജ്യത്തലവന്മാരുമായി ട്രംപ് വീണ്ടും സൗഹൃദം പുതുക്കുകയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദ്യം തന്നെ ഫോണിൽ സംസാരിച്ച ട്രംപ്, കഴിഞ്ഞ ബുധനാഴ്ച യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയുമായും ടെലഫോണിൽ ചർച്ച നടത്തിയിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ ട്രംപ് എത്രത്തോളം പിന്തുണക്കും എന്ന കാര്യത്തിൽ വിവിധ ലോകരാജ്യങ്ങൾ പല വിധത്തിലുള്ള സംശയങ്ങൾ മുന്നോട്ട് വച്ചിരുന്നു. എന്നാൽ സെലൻസ്കിയുമായുള്ള ഫോൺ ചർച്ചയിൽ ട്രംപ്, യുക്രൈന് സഹായം ചെയ്യുമെന്ന നിലയിലുള്ള വാഗ്ദാനം നൽകിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്. ട്രംപും സെലൻസ്കിയുമായുള്ള ചർച്ചക്കിടെ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Latest Videos

undefined

ട്രംപ് അന്ന് ചെയ്തത് ബൈഡൻ ചെയ്യില്ല! വൈറ്റ്ഹൗസിൽ നിന്നും അറിയിപ്പ് എത്തി; ട്രംപുമായുള്ള കൂടിക്കാഴ്ച മറ്റന്നാൾ

25 മിനിറ്റ് സമയമാണ് ട്രംപും സെലൻസ്കിയും ഫോണിൽ തമ്മിൽ സംസാരിച്ചത്. ഈ ചർച്ചക്കിടെ മസ്കിന് ട്രംപ് ഫോൺ കൈമാറിയെന്നാണ് റിപ്പോർട്ട്. മസ്കും സെലൻസ്കിയും തമ്മിൽ എന്താണ് സംസാരിച്ചതെന്ന കാര്യം പുറത്തുവന്നിട്ടില്ല. ട്രംപിനോട് സംസാരിക്കുന്നതിനിടെ മസ്കും സെലൻസ്കിയോട് ചർച്ച നടത്തിയെന്ന കാര്യം യുക്രൈൻ അധികൃതർ സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുളള അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത് തരത്തിലുളള ഇടപെടലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!