ട്രെക്കിൽ നിന്ന് കണ്ടെത്തിയ ഒരു മുടിനാരുകളിൽ പത്ത് മാസത്തോളം നീണ്ട പരിശോധനയിലാണ് കേസിൽ നിർണായകമായ തെളിവ് ലഭിക്കുന്നത്
അർക്കൻസാസ്: 30 വർഷങ്ങൾക്ക് ശേഷം 6 വയസുകാരിയുടെ തിരോധാനത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. അമേരിക്കയിലെ അർക്കൻസാസിലാണ് സംഭവം. ആധുനിക ഫോറൻസിക് പരിശോധനകളുടെ സഹായമാണ് 6 വയസുകാരിയായ മോർഗൻ നിക്കിന്റെ തിരോധാനത്തിന് പിന്നിലെ പ്രതിയിലേക്കുള്ള സൂചന പൊലീസിന് നൽകിയത്. ഒക്കലഹോമ അതിർത്തിയോട് ചേർന്നുള്ള ആൽമ നഗരത്തിലെ ബേസ് ബോൾ ഗ്രൌണ്ടിന് സമീപത്ത് നിന്നാണ് 6 വയസുകാരിയെ 1995 ജൂൺ 9ന് കാണാതാകുന്നത്.
കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ കുട്ടിയെ കാണാതായ സ്ഥലത്ത് നിന്ന് ഒരു ചുവന്ന ട്രെക്ക് സംശയകരമായ സാഹചര്യത്തിൽ പോയത് പൊലീസിന്റെ ശ്രദ്ധയിൽ വന്നിരുന്നു. വലിയ രീതിയിൽ കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും മോർഗനേക്കുറിച്ച് ഒരു വിവരവും വർഷങ്ങൾക്ക് ശേഷവും ലഭിച്ചിരുന്നില്ല. പതിനായിരത്തിലധികം സൂചനകൾ അരിച്ച് പെറുക്കിയതിന് ശേഷമാണ് അടുത്തിടെ കേസിൽ നിർണായക വഴിത്തിരിവ് ഉണ്ടായതാണെന്നാണ് പൊലീസ് ചൊവ്വാഴ്ച വിശദമാക്കുന്നത്. അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ ആളിലേക്കുള്ള കൃത്യമായ സൂചനകൾ നൽകുന്നതാണ് ചുവന്ന ട്രെക്കിനുള്ളിൽ നിന്ന് ലഭിച്ച ഡിഎൻഎ സാംപിളെന്നാണ് പൊലീസ് വിശദമാക്കുന്നത്.
undefined
മോർഗനെ കാണാതായ സമയത്ത് കേസിൽ ബില്ലി ജാക്ക് ലിൻക്സ് എന്നയാളിലേക്ക് സംശയത്തിന്റെ വിരലുകൾ നീണ്ടിരുന്നു. ഇയാളെ ആ കാലത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഒന്നും തെളിയിക്കാനാവാതെ വന്നതോടെയാണ് ഇയാളെ പൊലീസ് വിട്ടയത്ത്. 2019ൽ അന്വേഷണ സംഘത്തിന് ഇയാളുടെ ചുവന്ന ട്രെക്കിനേക്കുറിച്ച് വീണ്ടും സംശയം തോന്നിയതോടെ വീണ്ടും പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഇയാൾ ഈ ട്രെക്ക് മറ്റൊരാൾക്ക് വിറ്റിരുന്നു. ഈ ട്രെക്കിന്റെ പുതിയ ഉടമ കേസിന്റെ അന്വേഷണത്തിൽ പൊലീസിനോട് പൂർണമായി സഹകരിച്ചതോടെയാണ് കേസിലെ നിർണായക തെളിവ് മൂന്ന് പതിറ്റാണ്ടിന് ശേഷം നിർണായക തെളിവ് ലഭിക്കുന്നത്.
ട്രെക്കിൽ നിന്ന് കണ്ടെത്തിയ ഒരു മുടിനാരുകളിൽ പത്ത് മാസത്തോളം നീണ്ട പരിശോധനയിലാണ് കേസിൽ നിർണായകമായ തെളിവ് ലഭിക്കുന്നത്. മോർഗന്റെ സഹോദരങ്ങളുമായി ജനിതക സമാനതകൾ കണ്ടെത്താൻ ആധുനിക ഫോറൻസിക് പരിശോധനകൾ കൊണ്ട് സാധിക്കുകയായിരുന്നു. മറ്റൊരു കേസിൽ ഉൾപ്പെട്ടിരുന്ന ബില്ലി ജാക്ക് ലിൻക്സ് 2000ത്തിൽ മരിച്ചിരുന്നു. എന്നാൽ മോർഗന്റെ വീട്ടുകാർക്കോ സഹോദരങ്ങൾക്കോ ഇയാളെ പരിചയമില്ലെന്നും ഇയാളുടെ ട്രെക്കിലോ കാറിലോ കയറിയിട്ടില്ലെന്നും വിശദമായതോടെയാണ് മോർഗനെ തട്ടിക്കൊണ്ട് പോയത് ബില്ലി ജാക്ക് ലിൻക്സ് തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. മോർഗനെ കണ്ടെത്താനായില്ലെങ്കിലും തട്ടിക്കൊണ്ട് പോയത് ഇയാൾ തന്നെ ആണെന്ന് ഉറപ്പിക്കാനായത് കേസിൽ വീണ്ടും പ്രതീക്ഷ നൽകുന്നതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം