ഇങ്ങനെയൊരു സന്ദേശം ടൈപ്പ് ചെയ്യേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്‌നേഹ
ന്യൂയോർക്ക്: നിരാശയും വിഷമവും പങ്കുവെച്ച് ടെസ്‍ലയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പതിനാലായിരത്തോളം പേരിൽ ഒരാളായ ഇന്ത്യൻ യുവതി. ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ലയിൽ ബിസിനസ് പ്രോസസ് അനലിസ്റ്റായിരുന്ന സ്‌നേഹ കാർണിക് ആണ് വേദന പങ്കുവെച്ചത്. 10 ശതമാനം ജീവനക്കാരെയാണ് അടുത്ത കാലത്ത് ടെസ്‍ലയിൽ നിന്ന് പിരിച്ചുവിട്ടത്.
ഇങ്ങനെയൊരു സന്ദേശം ടൈപ്പ് ചെയ്യേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്‌നേഹ കുറിച്ചു. പിരിച്ചുവിടപ്പെട്ട 10 ശതമാനം പേരിൽ ഒരാളാണ് താൻ. ഇന്നലെ എല്ലാ ബിസിനസ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും പെട്ടെന്ന് ലോഗ് ഔട്ട് ചെയ്യേണ്ടി വന്നപ്പോള്‍ വല്ലാതെ വേദനിച്ചെന്നാണ് സ്നേഹ ലിങ്ക്ഡ്‍ഇനിൽ കുറിച്ചത്. ടെസ്‌ലയിൽ ഇന്‍റേണ്‍ ആയി തുടങ്ങിയ താൻ ക്രമേണ ബിസിനസ് പ്രോസസ് അനലിസ്റ്റ് തസ്തികയിൽ എത്തിയത് സ്നേഹ പങ്കുവെച്ചു. ഇന്നത്തെ അവസ്ഥ നിരാശപ്പെടുത്തുന്നതും സങ്കടകരവുമാണെന്ന് സ്നേഹ കുറിച്ചു. തന്‍റെ വിസ പ്രകാരം പുതിയൊരു ജോലി കണ്ടെത്താൻ മുന്നിലുള്ളത് 60 ദിവസം മാത്രമാണെന്നും സ്നേഹ പറഞ്ഞു. എവിടെയെങ്കിലും അവസരങ്ങളുണ്ടെങ്കിൽ സഹായിക്കാൻ സ്നേഹ അഭ്യർത്ഥിച്ചു.
10 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതായി നേരത്തെ ടെസ്‍ല അറിയിച്ചിരുന്നു. വളർച്ചയുടെ അടുത്ത ഘട്ടത്തിനായി ചെലവ് കുറയ്ക്കുന്നതിനും ഉത്പാദനക്ഷമത കൂട്ടുന്നതിനുമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് ഇലോണ്‍ മസ്ക് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം