തമ്മിൽത്തല്ലി പാകിസ്ഥാനും താലിബാനും; അഫ്ഗാനിലെ പാക് വ്യോമാക്രമണത്തിൽ മരണം 46 ആയി, തിരിച്ചടിക്കുമെന്ന് താലിബാൻ

By Web Team  |  First Published Dec 26, 2024, 9:17 AM IST

പാകിസ്ഥാന്റെ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 18 പേരും കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ് പറഞ്ഞു. 


കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടു. കിഴക്കൻ പക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. പാകിസ്ഥാൻ്റെ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച താലിബാൻ പ്രതിരോധ മന്ത്രാലയം സംഭവത്തെ അപലപിക്കുകയും ചെയ്തു. 

ബാർമാൽ ജില്ലയിലെ നാല് പോയിൻ്റുകളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. മൂന്ന് വീടുകളിൽ ബോംബാക്രമണം ഉണ്ടായി. ഒരു വീട്ടിൽ ഉണ്ടായിരുന്ന 18 പേർ കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിലെ മൂന്ന് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നും താലിബാൻ വക്താവ് അറിയിച്ചു. സ്വന്തം പ്രദേശത്തിൻ്റെയും പരമാധികാരത്തിൻ്റെയും സംരക്ഷണം അനിഷേധ്യമായ അവകാശമാണെന്നും പാകിസ്ഥാൻ്റെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിക്ക് ഉത്തരം നൽകാതെ വിടില്ലെന്നും താലിബാൻ വ്യക്തമാക്കി. 

Latest Videos

undefined

അതേസമയം, 2021-ൽ അഫ്​ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റത് മുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. പാകിസ്ഥാൻ മണ്ണ് ലക്ഷ്യമിടുന്ന തീവ്രവാദികൾക്ക് കാബൂൾ അഭയം നൽകുന്നതായാണ് ഇസ്ലാമാബാദിന്റെ ആരോപണം. എന്നാൽ, താലിബാൻ ഈ ആരോപണം നിഷേധിച്ചു. മാർച്ചിൽ പാകിസ്ഥാൻ നടത്തിയ സമാനമായ വ്യോമാക്രമണത്തിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്ഥാൻ താലിബാൻ (തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ -ടിടിപി) സമീപകാലത്ത് പാകിസ്ഥാൻ സേനയ്‌ക്കെതിരായ നിരന്തരമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിൽ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 16 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വ്യോമാക്രമണം. 

READ MORE: നിലത്ത് പതിച്ച വിമാനം തീ​ഗോളമായി, യാത്രക്കാരിൽ പകുതിയിലേറെയും മരിച്ചു; നൊമ്പരക്കാഴ്ചയായി കസാഖിസ്ഥാനിലെ അപകടം

click me!