ശനിയാഴ്ച ധാക്കയിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾക്ക് നേരെ അഞ്ച് റൗണ്ടാണ് പൊലീസ് വെടിവയ്പുണ്ടായത്. ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾക്കുള്ള 30 ശതമാനം സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവുയുദ്ധം തുടങ്ങിയത്
ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. നിയമം ലംഘിക്കുന്നവരെ കണ്ടാൽ വെടിവെയ്ക്കാനാണ് പൊലീസിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. തലസ്ഥാനമായ ധാക്കയടക്കം പ്രധാന തെരുവുകളെല്ലാം സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണുള്ളത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ മിക്കയിടങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ഇന്റർനെറ്റ്, ടെക്സ്റ്റ് മെസേജ് സേവനങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ്. ബംഗ്ലാദേശ് സ്വദേശികളും സർവ്വകലാശാല വിദ്യാർത്ഥികളുമാണ് തെരുവുകളിലേക്ക് പ്രതിഷേധവുമായി എത്തുന്നത്. സർക്കാർ ജോലികളെ ക്വാട്ട നയത്തിനെതിരെയാണ് പ്രതിഷേധം. ശനിയാഴ്ച ധാക്കയിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾക്ക് നേരെ അഞ്ച് റൗണ്ടാണ് പൊലീസ് വെടിവയ്പുണ്ടായത്.
പ്രതിഷേധക്കാരിൽ നിരവധിപ്പേർക്ക് വെടിവയ്പിൽ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. അതേസമയം ആയിരത്തോളം വിദ്യാർത്ഥികളാണ് കലാപ ബാധിത പ്രദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾക്കുള്ള 30 ശതമാനം സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവുയുദ്ധം തുടങ്ങിയത്. 1971ൽ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയവരുടെ പിൻഗാമികൾക്ക് മൂന്നിലൊന്ന് സർക്കാർ തസ്തികകൾ സംവരണം ചെയ്യുന്നതാണ് വിവാദ നിയമം. 17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ 3.2 കോടിയോളം ചെറുപ്പക്കാരാണ് തൊഴിൽരഹിതരായുള്ളത്.
2018 വരെ ബംഗ്ലദേശിലെ സർക്കാർ ജോലികളിലെ 56 ശതമാനവും വിവിധ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരുന്നു. 30 ശതമാനം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾക്ക്, 10 ശതമാനം അവികസിത ജില്ലകളിൽ നിന്നുള്ളവർക്ക്, 5 ശതമാനം ആദിവാസികൾക്കായും 1 ശതമാനം ഭിന്നശേഷിക്കാർക്കായും നീക്കി വെച്ചിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിനോട് കൂറ് പുലർത്തുന്നവർക്കാണ് പ്രധാനമായും 30 ശതമാനം സ്വാതന്ത്ര്യ സമര സംവരണത്തിന്‍റെ ഗുണം ലഭിച്ചിരുന്നത്. ഈ വ്യവസ്ഥകൾ നീക്കം ചെയ്യണമെന്നും മൊത്തത്തിലുള്ള സംവരണം 10 ശതമാനമായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് 2018 ഏപ്രിലിലാണ് വിദ്യാർത്ഥികളും അധ്യാപകരും പ്രതിഷേധം ആരംഭിച്ചത്.
പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയതോടെ തെരുവുകൾ യുദ്ധക്കളമായി. വിദ്യാർത്ഥികളുടെ ഈ പ്രതിഷേധത്തിന് ആഗോളതലത്തിൽ പിന്തുണ കിട്ടിയതോടെ സർക്കാർ മുട്ടുമടക്കുകയായിരുന്നു. വിവാദ സംവരണം അടക്കമുള്ള എല്ലാ ക്വാട്ടകളും റദ്ദാക്കിയതായി പ്രധാനമന്ത്രി ഷെയ്ക് ഹസിന പ്രഖ്യാപിച്ചു. എന്നാൽ ബംഗ്ലാദേശ് കോടതി 2024 ജൂൺ 5-ന് എല്ലാ സംവരണവും പുനഃസ്ഥാപിച്ചു. ഇതോടെ ആണ് ഇപ്പോൾ തെരുവുകൾ വീണ്ടും കത്തുന്നത്. സംവരണം പുനഃസ്ഥാപിച്ച ഉത്തരവ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിട്ടും പ്രക്ഷോഭം തുടരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം