ആദ്യം ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചത്.
ആഡിസ് അബാബ: എത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 275 ആയി. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിലാണ്. മരണ സംഖ്യ 500 കടന്നേക്കുമെന്ന് യുഎൻ ഏജൻസികൾ പറയുന്നു. ആദ്യം ഉണ്ടായ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചത്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
തെക്കൻ എത്യോപ്യയിലെ പർവ്വത പ്രദേശമായ ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് പെയ്ത ശക്തമായ മഴയാണ് അപകടത്തിന് കാരണം. ഞായറാഴ്ച പെയ്ത ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലിൽ നാല് വീടുകളോളം മണ്ണിനടിയിൽ പെട്ട് പോവുകയായിരുന്നു. തുടർന്ന് പ്രദേശവാസികളും പൊലീസും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു. ഇതോടെ രക്ഷാപ്രവർത്തനത്തനത്തിന് എത്തിയവരും മണ്ണിനടിയിൽ പെട്ടു. നിലവിൽ എത്ര പേർ മണ്ണിനടിയിലാണെന്ന് വ്യക്തമായ കണക്കുകൾ പുറത്തുവന്നിട്ടില്ല.
ഇവിടേക്ക് എത്താൻ റോഡുകൾ ഇല്ലാത്തതിനാൽ മണ്ണ് മാറ്റാനായി മണ്ണുമാന്തി അടക്കമുള്ള യന്ത്രങ്ങൾ പ്രദേശത്തേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും, മണ്ണ് മാറ്റാനായി പിക്കാസും മഴുവും പോലുള്ള ഉപകരണങ്ങളാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്. ഒപ്പം ഉറ്റവരെ തിരയാനായി വെറും കൈ ഉപയോഗിച്ചും മണ്ണ് മാറ്റുന്ന പ്രദേശവാസികളും എത്യോപ്യൻ ജീവിതത്തിന്‍റെ നേർ കാഴ്ചകളാണ്. വീണ്ടും മണ്ണ് ഇടിയുമോ എന്ന ഭീതിയും പ്രദേശത്ത് നില നിൽക്കുന്നുണ്ട്.
എത്യോപ്യൻ രാജ്യതലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ഗാഫ സ്ഥിതി ചെയ്യുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ പെയ്ത പേമാരിയിലും തെക്കൻ എത്യോപ്യയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായിരുന്നു. എത്യോപ്യയിൽ 2016-ൽ വോലൈറ്റയിലുണ്ടായ മണ്ണിടിച്ചിലിൽ 41 പേർ മരിച്ചിരുന്നു. 2017-ൽ അഡിസ് അബാബയുടെ പ്രാന്തപ്രദേശത്ത് ഉണ്ടായ ദുരന്തത്തിൽ 113 പേർ മരിച്ചു. 2017 ഓഗസ്റ്റിലാണ് ലോകത്തെ ഞെട്ടിച്ച് സിയറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിൽ മണ്ണിടിച്ചിലുണ്ടായത്. അന്ന് 1,141 പേർ മരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം