അവധി ആഘോഷിക്കാൻ പോയ 20കാരന്റെ മൃതദേഹം കണ്ടെത്തിയത് ഹോട്ടലിൽ ലിഫ്റ്റിന്റെ ഷാഫ്റ്റിൽ; അന്വേഷണം വേണമെന്ന് കുടുംബം

By Web Team  |  First Published Dec 3, 2024, 12:50 PM IST

ഹോട്ടലിന്റെ ഒന്നാം നിലയിലെ മുറിയിൽ താമസിച്ചിരുന്ന യുവാവിനെ കാണാതായതിനെ തുടർന്ന് ഒപ്പമുള്ളവർ അന്വേഷിക്കുകയായിരുന്നു,


ലണ്ടൻ: അവധി ആഘോഷിക്കാൻ കാമുകിയ്ക്കും ഏതാനും ബന്ധുക്കൾക്കും ഒപ്പം തുർക്കിയിലേക്ക് യാത്ര പോയ ബ്രിട്ടീഷ് പൗരനായ 20കാരനെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച കുടുംബം അന്വേഷണ ആവശ്യപ്പെട്ട് രംഗത്തെത്തി. ടെയ്ലർ കെറി എന്ന യുവാവാണ് അന്റാലിയയിലെ ലാറ ബീച്ചിന് സമീപത്തെ ഒരു ഹോട്ടലിൽ മരിച്ചത്.

യുവാവിന്റെ കാമുകി മോളിയും ഏതാനും ചില ബന്ധുക്കളും യാത്രയിൽ ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റിൽ ടെയ്ലറിന്റെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് സേവനം തേടി. സ്ഥലത്തെത്തിയ പാരാമെഡിക്കൽ ജീവനക്കാർ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ഒരു ബന്ധു അറിയിച്ചത്.

Latest Videos

ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു ടെയ്ലർ കെറിയുടെ മുറി. കാണാതായതിനെ തുടർന്ന് ഒപ്പമുള്ളവർ നടത്തിയ അന്വേഷണത്തിനൊടുവിൽ ലിഫ്റ്റിന്റെ ഷാഫ്റ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുർക്കി അധികൃതർ തുടർ നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി മൃതദേഹവും മരണ സർട്ടിഫിക്കറ്റും ടെയ്ലർ കെറിയുടെ ബന്ധുക്കൾക്ക് കൈമാറി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ മറ്റ് കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നാണ് അധികൃതർ പ്രതികരിച്ചത്. 

അതേസമയം എങ്ങനെയാണ് മരണം സംഭവിച്ചതെന്നത് സംബന്ധിച്ച ഒരു വിവരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് ബ്രിട്ടനിലുള്ള യുവാവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം. അന്റാലിയയിലെ ബ്രിട്ടീഷ് കോൺസുലേറ്റും ഇവരുടെ യാത്ര ക്രമീകരിച്ച ടൂർ ഓപ്പറേറ്ററും കുടുംബത്തിന് ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ട സഹായങ്ങൾ നൽകുന്നതായും അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!