കഴിഞ്ഞ ദിവസം കപ്പലിനെ പാലത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനായി നിയന്ത്രിതമായി ചെറുസ്ഫോടനങ്ങൾ നടത്തിയിരുന്നു. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്.
വാഷിംഗ്ടൺ: ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ കണ്ടെയ്നർ ഷിപ്പിനെ തിങ്കളാഴ്ചയോടെ ചലിപ്പിക്കുമെന്ന് അധികൃതർ. ഇടിയുടെ ആഘാതത്തിൽ തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പ് 9 ആഴ്ചയോളമായി ജീവനക്കാരടക്കം പാറ്റപ്സ്കോ നദിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കപ്പലിനെ പാലത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനായി നിയന്ത്രിതമായി ചെറുസ്ഫോടനങ്ങൾ നടത്തിയിരുന്നു. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്.
കപ്പലിടിച്ച് കയറി പാലത്തിന്റെ അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിരുന്ന ആറ് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ അവസാനത്തെയാളുടെ മൃതദേഹം അടുത്തിടെയാണ് കണ്ടെത്തിയത്. പാറ്റപ്സ്കോ നദിയിലെ കപ്പൽ ചാലിന്റെ പ്രവർത്തനം അപകടത്തിന് പിന്നാലെ താറുമാറായിരുന്നു. ഇതിന് ശേഷം താൽക്കാലിക സൌകര്യങ്ങളൊരുക്കിയാണ് ചില കപ്പലുകൾ ഈ പാതയിലൂടെ കടത്തി വിട്ടത്.
കപ്പലിലെ കണ്ടെയ്നറുകൾക്ക് അടക്കം കേടുപാടുകൾ ഉണ്ടാകാതെ ദാലിയെ നദിയിലൂടെ ഒഴുക്കി മാറ്റാനാണ് ശ്രമം. 21 മണിക്കൂറോളമാണ് ഇതിന് വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 984 അടി നീളമുള്ള കപ്പലിലെ തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുലർച്ചെ സമയത്തെ ഉയർന്ന തിരമാലകൾ ദാലിയെ ഒഴുകി തുടങ്ങാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനായി ക്രെയിനുകളും ടഗ് ബോട്ടുകളും അടക്കമുള്ളവ സജ്ജമാക്കിയിട്ടുണ്ട്. നദിയിലെ ജലപാതയിൽ നിന്ന് പ്രാദേശികമായ ഒരു ടെർമിനലിലേക്കാണ് ദാലിയെ മാറ്റുക. ഇതിനായി 5 ടഗ് ബോട്ടുകളാണ് ദാലിയെ അനുഗമിക്കുക.
യുഎസ് ആർമി സൈനികരുടെ അടക്കമുള്ള കൂട്ടായ ശ്രമത്തിലാണ് കപ്പലിനെ കപ്പൽ പാതയിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. നിരവധി കപ്പലുകൾ ദിവസേന കടന്നുപോകുന്ന കപ്പൽ ചാൽ മെയ് അവസാന വാരത്തോടെ പൂർണ സജ്ജമാക്കാനാണ് നീക്കം. നദിയുടെ അടിത്തട്ടിലേക്ക് നിയന്ത്രിത സ്ഫോടനത്തിന് പിന്നാലെ മുങ്ങിപ്പോയ വലിയ ലോഹ ഭാഗങ്ങൾ ദാലിയെ നീക്കിയതിന് പിന്നാലെ നീക്കം ചെയ്യും. ഇതിന് ശേഷമാകും കപ്പൽ ചാൽ പൂർണമായി തുറന്നു നൽകുക. അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ചൊവ്വാഴ്ച പുറത്ത് വന്നിരുന്നു.
മാർച്ച് മാസത്തിൽ ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലേക്ക് 27 ദിവസ യാത്ര ആരംഭിച്ച കപ്പലാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം ഇടിച്ച് തകർത്ത് പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയത്. 1977ൽ നിർമ്മിച്ച പാലമാണ് കഴിഞ്ഞ മാർച്ച് മാസം കപ്പൽ ഇടിച്ച് തകർന്നത്. പാലത്തിന്റെ പ്രധാന തൂണുകളിലൊന്നാണ് കപ്പൽ ഇടിച്ചത്. ഇടിക്ക് പിന്നാലെ കപ്പലിനും തീ പിടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം