ബാങ്ക് ലോക്കർ പരിശോധിക്കുന്നതിനിടെ അതീവ സുരക്ഷയുള്ള വാതില്‍ അടഞ്ഞു, യുവാവ് നിലവറയിൽ കുടുങ്ങിയത് മണിക്കൂറുകള്‍

By Web Team  |  First Published Oct 26, 2023, 2:09 PM IST

ഒരിക്കല്‍ അടഞ്ഞു കഴിഞ്ഞാല്‍ കൃത്യ സമയം കഴിഞ്ഞ് തനിയെ തുറക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ലോക്കര്‍ റൂമിലെ സുരക്ഷാ സംവിധാനം സെറ്റു ചെയ്തിരുന്നത്


ന്യൂയോര്‍ക്ക്: ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ കസ്റ്റമര്‍ കുടുങ്ങിയത് 9 മണിക്കൂര്‍. അമേരിക്കയിലെ മാന്‍ഹാട്ടനിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് ബാങ്കിന്റെ ബേസ്മെന്റിലുള്ള അതീവ സുരക്ഷാ വാള്‍ട്ടിനുള്ളില്‍ കസ്റ്റമര്‍ കുടുങ്ങിയത്. വേള്‍ഡ് ഡയമന്റ് ടവറിലെ സേഫ്റ്റി ഡിപ്പോസിറ്റ് ബോക്സ് പരിശോധിക്കാനെത്തിയതായിരുന്നു കസ്റ്റമര്‍. എന്നാല്‍ കസ്റ്റമര്‍ വോള്‍ട്ടിനുള്ളില്‍ ഇരിക്കെ ലോക്കര്‍ മുറിയുടെ വാതില്‍ അടയുകയായിരുന്നു.

ബാങ്ക് അധികൃതര്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ജീവനക്കാരെ വിളിച്ചു വരുത്തി. പ്രത്യേക കോഡ് ഉപയോഗിച്ച് ലോക്കര്‍ മുറി പുറത്ത് നിന്ന് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമാകാതെ വന്നതോടെ ബാങ്ക് ജീവനക്കാര്‍ പൊലീസിനേയും അവശ്യ സേനയുടേയും സഹായം തേടുകയായിരുന്നു. ഒരിക്കല്‍ അടഞ്ഞു കഴിഞ്ഞാല്‍ കൃത്യ സമയം കഴിഞ്ഞ് തനിയെ തുറക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ലോക്കര്‍ റൂമിലെ സുരക്ഷാ സംവിധാനം സെറ്റു ചെയ്തിരുന്നത്. സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന ലോക്കറിന്റെ കോണ്‍ക്രീറ്റ് ഭിത്തി പൊളിച്ചെങ്കിലും സ്റ്റീലുകൊണ്ട് നിര്‍മ്മിതമായ ലോക്കറിന്റെ പാളി തകര്‍ത്തില്ല. കട്ടറുകളും മറ്റും ഉപയോഗിച്ച് സ്റ്റീല്‍ പാളി പൊളിക്കുന്നതിനിടയിലുണ്ടാകുന്ന കെമിക്കലുകളും മാലിന്യവും ലോക്കറിനുള്ളിലുള്ളയാളുടെ ആരോഗ്യ സ്ഥിതിയെ സാരമായി ബാധിക്കുമെന്ന നിരീക്ഷണത്തേ തുടര്‍ന്നായിരുന്നു ഇത്.

Latest Videos

undefined

സ്വാഭാവിക രീതിയില്‍ ലോക്കറിന്റെ സ്റ്റീല്‍ പാളി തുറക്കുന്നതിന് വേണ്ടി പൊലീസും മറ്റ് അവശ്യ സേനകളും ബാങ്ക് ജീവനക്കാരും കാത്തു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയ്ക്ക് ലോക്കറിനുള്ളിലുള്ള ആളുമായി നിരന്തരമായി സംസാരിക്കാനും ഇയാള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്താനും പൊലീസ് ശ്രദ്ധിച്ചിരുന്നു. ഇയാളുടെ ദൃശ്യങ്ങളും പൊലീസ് ലഭ്യമാക്കിയിരുന്നു. ബുധനാഴ്ച രാവിലെ 6.15ഓടെയാണ് സ്റ്റീല്‍ പാളി തനിയേ തുറന്നത്. പുറത്ത് വന്ന കസ്റ്റമര്‍ക്ക് പ്രാഥമിക ചികിത്സയും മറ്റ് സഹായങ്ങളും നല്‍കിയ ശേഷമാണ് പൊലീസ് വിട്ടയച്ചത്.

9 മണിക്കൂറോളമാണ് യുവാവ് ലോക്കറിനുള്ളില്‍ കുടുങ്ങി പോവേണ്ടി വന്നത്. ലോക്കറിനുള്ളില്‍ അവശ്യമായ സ്ഥല സൌകര്യമുണ്ടായിരുന്നതാണ് യുവാവിന് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാന്‍ സഹായിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാള്‍ക്ക് പരിക്കുകളില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!