ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യും മുമ്പേ അമേരിക്കയില്‍ കൊറോണവൈറസ് എത്തിയെന്ന് പഠനം

By Web Team  |  First Published Dec 2, 2020, 2:40 PM IST

2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു.
 


വാഷിംഗ്ടണ്‍ :ചൈനയില്‍ കൊറോണവൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത് മുമ്പ് തന്നെ അമേരിക്കയില്‍ വൈറസ് ഉണ്ടായിരുന്നതായി പഠനം. അമേരിക്കയിലെ പ്രധാന മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യും മുമ്പ് തന്നെ കൊറോണവൈറസ് ലോകത്ത് വ്യാപിച്ചു തുടങ്ങിയെന്ന് പഠനം പറയുന്നു. 2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു.

അമേരിക്കന്‍ റെഡ് ക്രോസാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചത്. സാര്‍സ് കോവ്-2 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ അമേരിക്കയില്‍ എത്തിയെന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ അവസാനം വുഹാനിലാണ് കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്ത് മിക്ക രാജ്യങ്ങളിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനം ആറുകോടി ജനങ്ങള്‍ക്കാണ് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ പകുതിയോടെ തന്നെ യുഎസിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഒറ്റപ്പെട്ട കൊവിഡ് കേസുകളുണ്ടായിരുന്നുവെന്നാണ് പഠനം നല്‍കുന്ന സൂചന.

Latest Videos

undefined

ജനുവരി ആദ്യത്തോടെ മറ്റ് സ്‌റ്റേറ്റുകളിലും ആന്റിബോഡികള്‍ കണ്ടെത്തി തുടങ്ങി. ഫ്രാന്‍സിലും ഡിസംബര്‍ അവസാനത്തോടെ കൊവിഡ് ലക്ഷണങ്ങളോടെ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വുഹാനില്‍ നിന്ന് ആളുകള്‍ എത്തി ജനുവരി അവസാനത്തോടെയാണ് ഫ്രാന്‍സില്‍ കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. 

കൊവിഡിന്റെ ഉത്ഭവത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. ചൈനയിലാണ് വൈറസ് ഉത്ഭവിച്ചതെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ചൈന വൈറസിനെ സൃഷ്ടിച്ചതാണെന്നും ആരോപണുയര്‍ന്നിരുന്നു. എന്നാല്‍ ചൈന ഈ ആരോപണങ്ങളെല്ലാം തള്ളി. മറ്റേതെങ്കിലും വിദേശ രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ കൂടിയാകാം വൈറസ് ചൈനയിലെത്തിയതെന്നാണ് അവരുടെ വാദം. 

click me!