മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും വാക്സീൻ നൽകിയതിൻറെ ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇംഗ്ലണ്ടിൽ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻറെ പിടിയിലമർന്ന് അടച്ചുപൂട്ടപ്പെട്ട യൂറോപ്പ് ഘട്ടംഘട്ടമായി തുറക്കുന്നു. മുതിർന്നവരിൽ മൂന്നിലൊന്ന് പേർക്കും വാക്സീൻ നൽകിയതിൻറെ ആത്മവിശ്വാസത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ. ഇംഗ്ലണ്ടിൽ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനുള്ള അനുമതിയടക്കമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങളാണ് സ്പെയിനിൽ നിന്നും ഇറ്റലിയിൽ നിന്നുമെല്ലാം ദിനം പ്രതി വന്നുകൊണ്ടിരുന്നത്. ജീവനായുള്ള നിലവിളികൾ, നിറയുന്ന ശ്മശാനങ്ങൾ, മഹാമാരിക്ക് കീഴടങ്ങിയത് ആയിരങ്ങളാണ്. എന്നാൽ ഇന്ന് സ്പെയിൻ ആനന്ദ നൃത്തം ചവിട്ടുകയാണ്. ഒരുപാട് പേരെ മഹാമാരി കവർന്നെങ്കിലും തിരിച്ചുവരവിൻറെ പാതയിലാണ് രാജ്യം. സ്വാതന്ത്ര്യം എന്നാർപ്പുവിളിച്ചാണ് ഒരു വർഷത്തിനിപ്പുറം കർഫ്യൂ അവസാനിച്ചത് സ്പെയിനുകാർ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. കൂട്ടായ്മകൾ പുനരാരംഭിച്ചെങ്കിലും സാമൂഹിക അകലവും മാസ്കും മറക്കരുതെന്ന മുന്നറിയിപ്പും രാജ്യത്ത് ഉയരുന്നുണ്ട്.
undefined
കൊവിഡ് രണ്ടാം തരംഗത്തിൽ പിടിച്ചുനിൽക്കാൻ ഏറെ പണിപ്പെട്ടു ബ്രിട്ടൻ. മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തിപ്പോൾ. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആലിംഗനം ചെയ്യാനുള്ള അനുമതിയാണ് ബ്രിട്ടീഷുകാരെ ഏറെ സന്തോഷിപ്പിക്കുന്നത്. ഹോട്ടലുകൾക്കും പബ്ബുകൾക്കുമകത്ത് ഭക്ഷണപാനീയങ്ങൾ വിളന്പാനുള്ള അനുമതിയും നൽകിക്കഴിഞ്ഞു.
കൊവിഡിന്റെ മൂന്നാം തരംഗത്തെ പിടിച്ചുകെട്ടിയ ആത്മവിശ്വാസത്തിലാണ് ജർമ്മനി. ഗ്രീസും ബീച്ചുകൾ തുറന്നു. ഈ മാസം 19 മുതൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനൊരുങ്ങുകയാണ് ഫ്രാൻസ്. വെറുതെയല്ല, നിയന്ത്രണങ്ങൾക്കൊപ്പം വാക്സീൻ വിതരണവും കാര്യക്ഷമമാക്കിയതുമാണ് യൂറോപ്യൻ രാജ്യങ്ങളെ ഇപ്പോൾ പ്രതീക്ഷയുടെ ലോകത്തേക്ക് പിടിച്ചുയർത്തുന്നത്. വാക്സീനുകൾക്ക് വേഗത്തിൽ അനുമതി നൽകുകയും അതിവേഗം ഓർഡർ നൽകുകയും ചെയ്തതാണ് ബ്രിട്ടനെ വാക്സിനേഷനിൽ ബഹുദൂരം മുന്നിലെത്താൻ സഹായിച്ചത്. ആദ്യഘട്ടത്തിൽ പരമാവധി പേർക്ക് ഒരു ഡോസ് വാക്സീനെങ്കിലും നൽകാനും ശ്രദ്ധ വച്ചു.
യൂറോപ്യൻ യൂണിയനിലുൾപ്പെട്ട രാജ്യങ്ങളിൽ കേന്ദ്രീകൃത വിതരണമായതിനാൽ ആദ്യഘട്ടത്തിൽ അൽപം മെല്ലെപ്പോക്കുണ്ടായെങ്കിലും പിന്നീട് കാര്യങ്ങൾ വേഗത്തിലായി. വാക്സീൻ ലഭിക്കാൻ അവർ കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ടു, ചിലപ്പോഴൊക്കെ വഴക്കുണ്ടാക്കി. 20 കോടി ഡോസ് വാക്സീനാണ് വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്തത്.വാക്സീൻ സ്വീകരിച്ചവർക്ക് കൂട്ടായ്മയിലെ രാജ്യങ്ങൾക്കിടയിലെ സഞ്ചാരത്തിന് ഡിജിറ്റൽ ഗ്രീൻ പാസ് കൂടി നൽകാനൊരുങ്ങുകയാണ് യൂറോപ്യൻ യൂണിയൻ. അങ്ങനെ വിനോദസഞ്ചാരമേഖലയിലടക്കം കൂടുതൽ ഉണർവാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona