ഒരു മാസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് സാക്കിർ നായിക്കും മകനും പാകിസ്ഥാനിൽ എത്തിയത്.
ഇസ്ലാമാബാദ്: വിവാദ ഇസ്ലാം മത പ്രഭാഷകൻ സാക്കിർ നായിക്കിന് പാകിസ്ഥാനിൽ വൻ സ്വീകരണം. ആഘോഷപൂർവമാണ് പാകിസ്ഥാൻ സർക്കാർ സാക്കിർ നായിക്കിനെ സ്വീകരിച്ചത്. രാജ്യത്തുടനീളം സഞ്ചരിക്കാൻ സാക്കിർ നായിക്കിന് പൂർണ്ണ സുരക്ഷയും നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാക്കിർ നായിക്ക് മതപ്രഭാഷണം നടത്തുകയും ചെയ്യും. ഒരു മാസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് സാക്കിർ നായിക്ക് പാകിസ്ഥാനിൽ എത്തിയതെന്ന് പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്ഥാൻ സർക്കാർ തനിക്ക് നൽകിയ സുരക്ഷ വെളിപ്പെടുത്തുന്ന ഒരു വീഡിയോ സാക്കിർ നായിക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ സാക്കിർ നായിക്കിനെ മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ സഹായി റാണ മഷ്ഹൂദും ചേർന്നാണ് സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സാക്കിർ നായിക്ക് പാകിസ്ഥാനിൽ എത്തുന്നത്. പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി സാക്കിർ നായിക്ക് കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Dr Zakir Naik's Arrival in Pakistan. A Warm Reception at Islamabad Airport, Pakistan pic.twitter.com/aN4EvvGKY4
— Dr Zakir Naik (@drzakiranaik)
undefined
ഏറെക്കാലമായി ഇന്ത്യ അന്വേഷിക്കുന്ന വിവാദ മതപ്രഭാഷകനാണ് സാക്കിർ നായിക്ക്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, സമുദായങ്ങൾക്ക് ഇടയിൽ ഭിന്നത വളർത്തൽ തുടങ്ങി നിരവധി കേസുകളാണ് സാക്കിർ നായിക്കിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016ൽ ഇയാൾ ഇന്ത്യ വിട്ടിരുന്നു. മഹാതിർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മുൻ മലേഷ്യൻ സർക്കാർ ഇയാൾക്ക് മലേഷ്യയിൽ സ്ഥിരതാമസത്തിന് അനുമതി നൽകിയിരുന്നു. പല തവണ ഇയാളെ കൈമാറാൻ ഇന്ത്യ അഭ്യർത്ഥിച്ചെങ്കിലും മലേഷ്യ ഇതുവരെ അതിന് തയ്യാറായിട്ടില്ല. എന്നാൽ, കഴിഞ്ഞ മാസം ആദ്യം നിലവിലെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ന്യൂഡൽഹി സന്ദർശിച്ചപ്പോൾ സാക്കിർ നായിക്കിനെതിരെ തെളിവുകൾ നൽകിയാൽ ഇയാളെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർത്ഥന തന്റെ സർക്കാർ പരിഗണിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
READ MORE: കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് ഇന്ത്യൻ എംബസി