അമേരിക്കയിൽ കമ്മ്യൂണിസ്റ്റുകാരുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട് സർ അമേരിക്കയിൽ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവുമുണ്ട് എന്നാണ് ഉത്തരം. പക്ഷെ, പ്രഭാവം തീരെക്കുറവാണെന്ന് മാത്രം.
വാഷിങ്ടൺ: കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വല്ല കാര്യവുമുണ്ടോ? ലോകത്തെ ഏറ്റവും വലിയ മുതലാളിത്ത രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റുകൾക്ക് എന്താണ് കാര്യമെന്ന് നോക്കാം. അമേരിക്കയിൽ കമ്മ്യൂണിസ്റ്റുകാരുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട് സർ അമേരിക്കയിൽ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവുമുണ്ട് എന്നാണ് ഉത്തരം. പക്ഷെ, പ്രഭാവം തീരെക്കുറവാണെന്ന് മാത്രം.
മുതലാളിത്തവും മൂലധനവും മൂലധനത്തിന്റെ കേന്ദ്രീകരണവും അതിനെതിരായ പോരാട്ടവുമായിരുന്നു മാർക്സിന്റെ രാഷ്ട്രീയ വ്യഖ്യാനത്തിന്റെ അടിസ്ഥാനം. അങ്ങനെ നോക്കിയാൽ അമേരിക്ക മാർക്സിസത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാവേണ്ടതാണ്. പക്ഷെ, തൊഴിലാളി സമരങ്ങളും തൊഴിലാളി യൂണിയനുകളും പ്രബലമെങ്കിലും അമേരിക്കയിൽ കമ്മ്യൂണിസത്തിനും മാർക്സിസത്തിനും വളക്കൂറുണ്ടായില്ല എന്നതാണ് യാഥാർഥ്യം. പക്ഷെ ഇടതുപക്ഷം, അതെന്നും അമേരിക്കയിൽ ഉണ്ടായിരുന്നു.
undefined
അരാജകവാദികളും പുരോഗമനവാദികളും കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒരുപരിധി വരെ പരിസ്ഥിതി രാഷ്ട്രീയക്കാരുമെല്ലാം ആ കുടക്കീഴിലുണ്ട്. പക്ഷെ, മുതലാളിത്തത്തെ എങ്ങനെ എതിർക്കണമെന്നതിൽ ഒരു തരത്തിലുള്ള അഭിപ്രായ ഐക്യവും ഇവർക്കിടയിലില്ലാത്തത് കൊണ്ട് അമേരിക്കയിൽ ഇടതുപക്ഷത്തിന് പ്രസക്തിയില്ലാതായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുണൈറ്റഡ് സ്റ്റേറ്റസ്, പാർട്ടി ഓഫ് സോഷ്യലിസം ആൻഡ് ലിബറേഷൻ, സോഷ്യലിസ്റ്റ് പാർട്ടി, വർക്കേഴ്സ് വേൾഡ് പാർട്ടി, വേണമെങ്കിൽ ഗ്രീൻ പാർട്ടിയും. ഇടതുപക്ഷമുണ്ടെന്ന് പറയാമെന്നേയുള്ളൂ. എടുത്തുപറയാവുന്ന ഒരു ഇടതുപക്ഷ പാർട്ടിയും അമേരിക്കയിലില്ല എന്നതാണ് യാഥാർഥ്യം.
ഇനി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് വന്നാൽ 1919-ൽ ചിക്കാഗോയിൽ രൂപീകൃതമായി. 40 കളിലും 50 കളിലും നല്ല പിന്തുണ കിട്ടി. അന്പതുകളിലെ കമ്മ്യൂണിസ്റ്റ് വേട്ട തിരിച്ചടിയായി. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഏതാണ്ട് നാമാവശേഷമായി. ഇപ്പോ സാന്നിധ്യം ഓൺലൈനിലിൽ മാത്രമെന്ന് പറയാം. റോസന്ന കാംബ്രണും ജോ സിംസുമാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. പാര്‍ടി അംഗങ്ങളുടെ എണ്ണമെത്രയായാലും ഇവരുടെ പിന്തുണ കമല ഹാരിസിനാണ്.