പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങൾ ഒളിച്ചുവച്ചെന്ന കേസിലാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് ലാഹോറിൽ എത്തിയത്. ഇതിന് പിന്നാലെയാണ് അസാധാരണ സംഭവവികാസങ്ങൾക്ക് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്.
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മനുഷ്യ മതിലൊരുക്കി പിടിഐ അണികൾ. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മണിക്കൂറുകളായി ചെറുത്തു നിൽക്കുകയാണ് പിടിഐ അണികൾ. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ ഉപഹാരങ്ങൾ ഒളിച്ചുവച്ചെന്ന കേസിലാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസ് ലാഹോറിൽ എത്തിയത്. ഇതിന് പിന്നാലെയാണ് അസാധാരണ സംഭവവികാസങ്ങൾക്ക് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചത്.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ മനുഷ്യ മതിൽ തീർത്ത് പ്രതിരോധിച്ചിരിക്കുകയാണ് ഇമ്രാൻ ഖാൻ. പൊലീസ് എത്തിയതിന് പിന്നാലെ താൻ ജയിലിൽ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടണമെന്നും ഇമ്രാൻ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. ഇതോടെ അണികള്‍ കൂട്ടമായി ഇമ്രാന്‍റെ വീടിന് മുന്നിലേക്ക് എത്തി. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് ഇമ്രാനെ പിടിച്ചുകൊണ്ടുപോകാനെത്തിയ പൊലീസിന് ഇത് വരെ വസതിയിൽ കടക്കാനായിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് മുതൽ അനുയായികൾ ഇമ്രാന് കാവൽ നിൽക്കുകയാണ്. കണ്ണീർ വാതകത്തിനും ജലപീരങ്കിക്കും ആൾക്കൂട്ടത്തെ പിരിച്ചുവിടാനായില്ല.
കല്ലേറും പെട്രോൾ ബോംബും കൊണ്ടാണ് ഇമ്രാൻ അണികൾ പൊലീസിനെ നേരിട്ടത്. സർക്കാരുമായുള്ള തുറന്ന പോരിനാണ് ഇമ്രാനും പാർട്ടിയും അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. തോഷാഖാന കേസിൽ മുൻപ് പലതവണ നോട്ടീസ് നൽകിയിട്ടും കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് അറസ്റ്റിനായി ഇസ്ലാമാബാദ് പൊലീസ് ഇമ്രാൻ ഖാന്‍റെ സമാൻപാർക്കിലെ വസതിയിലേക്ക് എത്തിയത്.
അതേസമയം പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഖുസ്ദാർ നഗരത്തിലെ അഗാ സുൽത്താൻ ഇബ്രാഹിം റോഡിലാണ് സ്ഫോടനം നടന്നത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പ്രദേശിക മാധ്യമപ്രവർത്തകന്റെ മകനാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ബോംബാക്രമണത്തെ ബലൂചിസ്ഥാൻ മുഖ്യമന്ത്രി അബ്ദുൾ ഖുദ്ദൂസ് ബിസെഞ്ചോ അപലപിച്ചു. നിരപരാധികളായ പൗരന്മാരെ ഭീകരർ പ്രാകൃതത്വത്തിന് വിധേയരാക്കുന്നെന്ന് അബ്ദുൾ ഖുദ്ദൂസ് ആരോപിച്ചു. പ്രവിശ്യയെ അസ്ഥിരപ്പെടുത്താനുള്ള ഏത് ഗൂഢാലോചനയും സർക്കാർ പരാജയപ്പെടുത്തുമെന്നും അബ്ദുൾ ഖുദ്ദൂസ് ബിസെഞ്ചോ പ്രതികരിച്ചു.