കഴിഞ്ഞ മാസമാണ് ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തിന്റെ രഹസ്യ വിവരങ്ങൾ ടെലിഗ്രാമിൽ വന്നത്. പിന്നാലെ ഹാക്കിംഗ് എന്ന ധാരണയിൽ എഫ്ബിഐ നടത്തിയ അന്വേഷണത്തിലാണ് സിഐഎ ഉദ്യോഗസ്ഥൻ പിടിയിലായത്
വാഷിംഗ്ടൺ: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിന്റെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ സിഐഎ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം. ക്ലാസിഫൈഡ് വിഭാഗത്തിലുള്ള വിവരങ്ങളാണ് കംബോഡിയയിൽ എഫ്ബിഐ അറസ്റ്റിലായ അസിഫ് വില്യം റഹ്മാൻ എന്ന സിഐഎ ജീവനക്കാരൻ ചോർത്തിയത്. ഇസ്രയേൽ ഇറാനെ ആക്രമിക്കാനുള്ള ആദ്യ പദ്ധതികൾ ഉൾപ്പെടെയുള്ള വിവരമാണ് യുവ സിഐഎ ജീവനക്കാരൻ ചോർത്തിയതെന്നാണ് വ്യാഴാഴ്ച വിർജീനിയയിലെ ഫെഡറൽ കോടതിക്ക് മുൻപാകെ വിശദമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് അസിഫ് വില്യം റഹ്മാൻ ആദ്യമായി കോടതിക്ക് മുൻപാകെ എത്തിയത്. വടക്കൻ വിർജീനിയയിലേക്ക് യുവ ഉദ്യോഗസ്ഥനെ കൈമാറാൻ ഗുവാമിലെ കോടതിയാണ് നിർദ്ദേശം നൽകിയത്. സൈനിക വിവരങ്ങൾ ബോധപൂർവ്വം ചോർത്തിയതിനുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി വിവരങ്ങളിൽ ഇയാൾ ഏത് രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമാണെന്ന് വിശദമാക്കുന്നില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് അന്തർദേശീയ വാർത്താ ഏജൻസികൾ യുവാവ് സിഐഎ ജീവനക്കാരനായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നത്.
undefined
ഇയാൾക്കെതിരായ ആരോപണങ്ങളുടെ വിശദമായ വിവരങ്ങൾ പൂർണമായി പുറത്ത് വന്നിട്ടില്ല. എന്നാൽ ഉയർന്ന സുരക്ഷയുള്ള രഹസ്യ വിവരമാണ് അസിഫ് ചോർത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ മാസമാണ് ദേശീയ സുരക്ഷാ ഏജൻസിയും ദേശീയ ജിയോസ്പാറ്റിയൽ ഇന്റലിജൻസ് ഏജൻസിയും രഹസ്യ വിവരങ്ങൾ ടെലിഗ്രാമിൽ എത്തിയതായി സ്ഥിരീകരിച്ചത്. ഒക്ടോബർ 1ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിന് മറുപടി പ്ഹരങ്ങൾക്കായി ഇസ്രയേൽ ഒരുങ്ങുന്നതിനിടയിലെ സൈനിക വിവരമാണ് ചോർന്നിട്ടുള്ളത്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്ക് മാത്രം കാണാൻ അനുമതിയുള്ള രഹസ്യ രേഖകളാണ് ടെലഗ്രാമിലൂടെ ചോർന്നത്.
രഹസ്യ രേഖകൾ ചോർന്നതിന് പിന്നാലെ എഫ്ബിഐ അന്വേഷണം പുരോഗമിച്ചിരുന്നു. ഹാക്കിംഗിലൂടെയാണ് വിവരം പുറത്ത് വന്നതാണെന്ന ധാരണയാണ് അന്വേഷണത്തിൽ പൊളിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം