ഇറാനിലെ ഭൂകമ്പം ആണവ ബോംബ് പരീക്ഷണം തന്നെ? ടെഹ്റാനിൽ വരെ പ്രകമ്പനം, സൂചന നൽകി സിഐഎ മേധാവി

By Web Team  |  First Published Oct 9, 2024, 5:44 PM IST

ഒക്ടോബർ 5ന് രാവിലെ 10.45ഓടെയാണ് സെംനാൻ പ്രവിശ്യയിൽ ഭൂകമ്പം അനുഭവപ്പെട്ടത്. 


ന്യൂയോ‍ർക്ക്: ഇറാനിൽ അടുത്തിടെ ഉണ്ടായ ഭൂകമ്പം ആണവ പരീക്ഷണമാണെന്ന സംശയം ബലപ്പെടുന്നു. ഇസ്രായേലുമായുള്ള സംഘ‍ർഷം യുദ്ധത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കെ ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ഇറാനിലെ ഭൂകമ്പവും ആണവ പരീക്ഷണവും തമ്മിൽ ബന്ധമുണ്ടെന്ന സൂചന നൽകിയിരിക്കുകയാണ് അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ തലവൻ വില്യം ബേൺസ്. 

ഇറാൻ അവരുടെ ആണവ പദ്ധതികളുടെ വേഗത കൂട്ടിയിട്ടുണ്ടെന്നാണ് വില്യം ബേൺസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങൾ കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 5നാണ് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇറാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാവിലെ 10:45ന് സെംനാൻ പ്രവിശ്യയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 10 മുതൽ 15 വരെ മീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പം ഉണ്ടായ മേഖലയിൽ നിന്ന് 100 കിലോ മീറ്ററിലധികം അകലെയുള്ള ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിൽ പോലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. എല്ലാത്തിനും ഉപരിയായി ഇറാന്റെ ആണവ നിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്ന് ഏകദേശം 10 കിലോ മീറ്റർ മാത്രം അകലെയാണ് ഭൂകമ്പമുണ്ടായത് എന്നതും സംശയം ബലപ്പെടുത്തുന്നു. 

Latest Videos

undefined

ഒക്ടോബർ 1ന് ഇസ്രായേലിന് നേരെ ഇറാൻ 180 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഇസ്രായേലിന് നേരെ ഉണ്ടായ ഏറ്റവും വലിയ നേരിട്ടുള്ള ആക്രമണമാണ് ഇതെന്നാണ് വിലയിരുത്തൽ. ഹമാസ് തലവൻ ഇസ്മായിൽ ഹനിയേ, ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ല എന്നിവരെ കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് ഇതെന്ന് ഇറാൻ വ്യക്തമാക്കി. എന്നാൽ, ഇറാൻ തെറ്റ് ചെയ്തെന്നും തക്കതായ മറുപടി നൽകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചു. ഇറാന്റെ എണ്ണപ്പാടങ്ങളും ആണവ നിലയങ്ങളും ആക്രമിക്കുമെന്നായിരുന്നു ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഈ തീരുമാനത്തിൽ നിന്ന് ഇസ്രായേൽ പിൻമാറണം എന്ന ആവശ്യവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത്തരത്തിലൊരു ആക്രമണത്തിന് ഇസ്രായേൽ മുതിർന്നാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാനും മറുപടി നൽകി. പശ്ചിമേഷ്യയിലെ എണ്ണപ്പാടങ്ങളെ വ്യാപകമായി ആക്രമിക്കും എന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ഏത് നിമിഷവും ഇസ്രായേലിന്റെ ആക്രമണം ഉണ്ടാകും എന്ന സാഹചര്യത്തിലാണ് ഇറാൻ ആണവ പരീക്ഷണം നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

READ MORE: 'ക്യാഷ് ഓൺ ഡെലിവറി'; രാഹുൽ ഗാന്ധിയ്ക്ക് ഒരു കിലോ ജിലേബി ഓർഡർ ചെയ്ത് ബിജെപിയുടെ 'മധുര' പ്രതികാരം

click me!