ചൈനീസ് പാർട്ടി കോൺഗ്രസ്. മൂന്നാമതും അധികാരം ഉറപ്പിച്ച ഷീക്ക് ആജീവനാന്തം ഈ സ്ഥാനത്ത് തുടരാനുള്ള അണിയറ ഒരുക്കങ്ങൾക്ക് കൂടെയാണ് ഇത്തവണ പാർട്ടി സമ്മേളനം വേദിയായത്.
രാജ്യവും പാർട്ടിയും ഷീ ചിൻ പിങിലേക്ക് ചുരുങ്ങുന്നത്തിന്റെ പ്രഖ്യാപനമായിരുന്നു ഇത്തവണത്തെ ചൈനീസ് പാർട്ടി കോൺഗ്രസ്.
മൂന്നാമതും അധികാരം ഉറപ്പിച്ച ഷീക്ക് ആജീവനാന്തം ഈ സ്ഥാനത്ത് തുടരാനുള്ള അണിയറ ഒരുക്കങ്ങൾക്ക് കൂടെയാണ് ഇത്തവണ പാർട്ടി സമ്മേളനം വേദിയായത്. ഒരാൾ രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റ് പദവിയിൽ തുടരരുതെന്നായിരുന്നു ചൈനീസ് പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ. അധികാര കേന്ദ്രീകരണം ഒഴിവാക്കുന്നതിനായി 1982 മുതൽ തുടരുന്ന നയം തിരുത്തിയതാണ് ഇത്തവണത്തെ പാർട്ടി കോൺഗ്രസിലെ പ്രധാന തീരുമാനം.
ഇതുവഴി മൂന്നാമതും പാർട്ടിയുടെയും രാജ്യത്തിന്റേയും തലപ്പെത്തെത്തുന്ന ഷീ ഈ സ്ഥാനത്ത് ആജീവനാന്തം തുടരാനാണ് സാധ്യത. ഇതിനുള്ള വഴി ഒരുക്കൽ കൂടെയായിരുന്നു ഇത്തവണത്തെ ചൈനീസ് പാർട്ടി കോൺഗ്രസ്. ഷീക്കൊപ്പം അധികാരത്തിൽ പത്ത് വർഷം പൂർത്തിയാക്കിയ മറ്റുള്ളവരെ തുടരാൻ അനുവദിക്കാത്തത് ഇത് വ്യക്തമാക്കുന്നു. പാർട്ടിയിലും ഭരണത്തിലും രണ്ടാമനായ പ്രധാനമന്ത്രി ലി ചിയാങ്, 200 അംഗ കേന്ദ്ര കമ്മിറ്റിയിൽ പോലും ഇല്ല. പ്രീമിയർ ലി കേഖ്യിയാങും വിദേശ കാര്യമന്ത്രി വാങ് യീയും പുറത്തായി. നിലവിലെ കമ്മിറ്റിയിൽ പകുതി പേരും പ്രായ പരിധിയിൽ തട്ടി പുറത്താവുകയും ചെയ്യും. 2296 അംഗ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ തുടങ്ങിയിരുന്നു ഷീ യുടെ ഇടപെടൽ. ചുരുക്കത്തിൽ ഷീ അനുകൂലികളുടെ കൂട്ടമായി പാർട്ടി ചുരുങ്ങും.
undefined
ഒന്പതര കോടി അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കുന്നത് 200 അംഗ കേന്ദ്രകമ്മറ്റിയും 25 അംഗ പൊളിറ്റ് ബ്യൂറോയുമാണ്. പൊളിറ്റ് ബ്യൂറോ അംഗങ്ങളിലെ 7 പേർ ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് നിർണായക അധികാരകേന്ദ്രം. ആഭ്യന്തരം, വിദേശം, ധനകാര്യം അടക്കമുള്ള നിർണ്ണായക നയങ്ങൾ ഈ ചെറു സംഘമാണ് തീരുമാനിക്കുന്നത്. പുതിയ പൊളിറ്റ് ബ്യൂറോയെയും സ്റ്റാൻഡിങ് കമ്മിറ്റിയെയും ഇന്നാകും പ്രഖ്യാപിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുക. ഷി ചിൻപിങ്ങിനെ മൂന്നാമതും പ്രസിഡന്റായി ഉടൻ പ്രഖ്യാപിക്കും.
Read more: "തുവൻപായ്" ടീമിനെ ഷി വെട്ടി നിരത്തിയതോ, ഹുവിനെ പിടിച്ച് പുറത്താക്കിയോ?; വീഡിയോ വൈറലാകുന്നു
എല്ലാകാര്യവും വിശദമായി ചർച്ചചെയ്യുന്ന പാർട്ടി കോൺഗ്രസിൽ ഇത്തവണ കഴിഞ്ഞ അഞ്ച് വർഷത്തെ സാന്പത്തിക പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചില്ല എന്നതും ശ്രദ്ദേയമാണ്. ചൈന സാമ്പത്തിക പ്രതിസന്ധിയിലെന്ന റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതാണ് ഇത്. അതേസമയം തായ്വാൻ പ്രശ്നവും ഗൽവാൻ ഏറ്റുമുട്ടലും അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങളോടുള്ള സമീപനവും ചർച്ചയായി. 2012 ൽ ഷീ അധികാരം ഏൽക്കുമ്പോൾ ഉണ്ടായിരുന്ന ചൈനയിൽ നിന്നും ഏറെ വിത്യസ്തമാണ് ഷീ മൂന്നാമതും പ്രസിഡന്റാകാൻ ഒരുങ്ങുന്ന ചൈന. ഭരണത്തിൽ കൂടുതൽ ഏകാധിപത്യം പ്രകടമായി. പാർട്ടി പോലും ഷീക്ക് മറു ചോദ്യം ഇല്ലാത്ത വിധം മാറി. വീണ്ടും ഷീ എത്തുമ്പോൾ പരിപൂർണമായ ഏകാധിപത്യവും തീവ്രമായ ദേശീയതയും അക്രമോത്സുകമായ ഭരണക്രമവും ശക്തിപ്പെടനാണ് സാധ്യത.