ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു, 68 പേർക്ക് പരിക്ക്

By Web Team  |  First Published Dec 21, 2024, 2:56 AM IST

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഇതൊരു ആക്രമണമാണെന്ന് അധികൃതർ സംശയിക്കുന്നുണ്ട്. 


ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ചു. 68 പേർക്ക് പരിക്കേറ്റു. ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി അതേസമയം സംഭവത്തിലെ ആക്രമണ സാധ്യത പൊലീസ് തള്ളുന്നില്ല. കാർ ഓടിച്ചിരുന്ന 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗദി പൗപരനായ ഇയാൾ ഡോക്ടറാണെന്നും റിപ്പോർട്ടുകളുണ്ട്.

ഈസ്റ്റേൺ ജർമനിയിലെ മാഗ്‍ഡെബർഗ് നഗരത്തിലുള്ള ക്രിസ്മസ് മാർക്കറ്റിലായിരുന്നു സംഭവം. ആൾക്കൂട്ടത്തിലേക്ക് പാ‌ഞ്ഞുകയറിയ കാർ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം. നിരവധിപ്പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് ആംബുലൻസുകളും ഫയർ എഞ്ചിനുകളും എത്തിച്ചേരുന്ന ദൃശ്യങ്ങൾ ചില അന്ത്രാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 

Latest Videos

undefined

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാർക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാർ ഇടിച്ചുകയറുകയായിരുന്നു.  ആക്രമണമാണ് നടന്നതെന്ന് കരുതുന്നതായും അവിടെ നിന്നുള്ള ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണെന്നും സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

click me!