കാനഡയിൽ വാൾമാർട്ടിലെ വാക് ഇൻ ഓവനിനുള്ളിൽ ഇന്ത്യൻ വംശജയായ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു

By Web Team  |  First Published Nov 19, 2024, 8:16 AM IST

കഴിഞ്ഞ മാസമാണ് ഇന്ത്യൻ വംശജയായ 19 വയസുകാരിയുടെ മൃതദേഹം താൻ ജോലി ചെയ്യുന്ന വാൾമാ‍ർട്ട് സ്റ്റോറിനുള്ളിലെ വാക്ക് ഇൻ ഓവനിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.


ഒട്ടാവ: ഇന്ത്യൻ വംശജയായ ഗുർസിമ്രാൻ കൗറിന്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് കാനേഡിയൻ പൊലീസ്. കഴിഞ്ഞ മാസമാണ് യുവതിയെ വാൾമാർട്ട് സ്റ്റോറിനകത്തെ വലിയ വാക് ഇൻ ഓവനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്നും മറ്റാരുടെയും ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയാണ് തിങ്കളാഴ്ച കാനഡയിലെ ഹാലിഫാക്സ് റീജ്യണൽ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചത്.

19 വയസുകാരിയായ ഗുർസിമ്രാൻ കൗർ ഒക്ടോബർ 19നാണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി വാൾമാർട്ടിൽ ജോലി ചെയ്യുകയായിരുന്നു അവർ. ഗുർസിമ്രാന്റെ അമ്മയും ഇവിടെത്തന്നെ ജോലി ചെയ്യുകയാണ്. ഒരാൾക്ക് നടന്നുകയറാവുന്നത്ര വലിപ്പത്തിലുള്ള ഓവനിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. "സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നത് മനസിലാക്കുന്നു. വിശദമായി അന്വേഷണത്തിന് സമയമെടുത്തു. അതിന്റെ ഭാഗമായി നിരവധിപ്പേരെ ചോദ്യം ചെയ്യുകയും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ മറ്റാരുടെയെങ്കിലും ഇടപെടൽ സംബന്ധിച്ച സൂചനകളൊന്നും അന്വേഷണത്തിൽ ലഭിച്ചില്ല. പൊതുജനങ്ങൾക്ക് ഈ കേസിലുള്ള താത്പര്യം മനസിലാക്കുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമുണ്ട്" - ഹാലിഫാക്സ് റീജ്യണൽ പൊലീസ് വിഭാഗത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാർട്ടിൻ ക്രോംവെൽ പറഞ്ഞു. 

Latest Videos

undefined

അതേസമയം യുവതിയുടെ മരണത്തിന് കാരണമായ ഓവൻ, പുറത്തു നിന്ന് ഓൺ ചെയ്യപ്പെട്ടതാണെന്നും അതിന്റെ ഡോർ ഹാൻഡിൽ തുറക്കാൻ നല്ല ബുദ്ധിമുട്ടാണെന്നും ഗുർസിമ്രാന്റെ ഒപ്പം ജോലി ചെയ്തിരുന്ന ക്രിസ് ബ്രീസ് എന്ന യുവതി ടിക്ടോക് വീഡിയോയിൽ ആരോപിച്ചിരുന്നു. ഓവനിനകത്ത് കുനിഞ്ഞ് വേണം കയറാൻ. അകത്ത് ഒരു എമർജൻസി ലാച്ച് സജ്ജീകരിച്ചിട്ടുണ്ട്. അതിന് പുറമെ ഒരു തൊഴിലാളിക്ക് ജോലിയുടെ ഭാഗമായി ഓവനിനകത്തേക്ക് കയറേണ്ട ആവശ്യമില്ലെന്നും അതുകൊണ്ടുതന്നെ അകത്ത് കയറി തനിയെ ലോക്ക് ചെയ്യാൻ ഒരു സാധ്യതയുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. 

ഓവന്റെ ഡോർ സ്വയം അടയുന്നതല്ലെന്ന് മറ്റൊരു ജീവനക്കാരിയായ മേരിയും പറഞ്ഞു. അത്തരത്തിലല്ല അത് രൂപകൽപന ചെയ്തിരിക്കുന്നത്. ശക്തിയായി പിടിച്ച് അടച്ച് ക്ലിക് ശബ്ദം കേൾക്കുമ്പോഴാണ് ഡോർ അടയുന്നത്. സ്വയം അകത്ത് കയറി വാതിലടച്ചു എന്നത് വിശ്വസനീയമല്ലെന്നാണ് അവരും അഭിപ്രായപ്പെട്ടത്. ഗുർസിമ്രാന്റെ അച്ഛനും സഹോദരനും ഇന്ത്യയിലാണ് താമസിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!