13 കിടപ്പുമുറികളുള്ള ആഡംബര ബംഗ്ലാവിൽ നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള കൊള്ള. ഒറ്റയ്ക്കെത്തിയ യുവാവ് മോഷ്ടിച്ചത് 111 കോടി രൂപയുടെ ആഭരണങ്ങൾ
ലണ്ടൻ: 13 കിടപ്പുമുറികളുള്ള വീട്ടിൽ വെറും പത്തൊൻപത് മിനിറ്റ് നീണ്ട മോഷണത്തിനിടയിൽ കള്ളൻ അടിച്ചുമാറ്റിയത് 1117066080 രൂപയുടെ മുതൽ. വാച്ചുകളും ആഭരണങ്ങളും ആഡംബര ബാഗുമാണ് നിമിഷനേരം കൊണ്ട് തട്ടിയെടുത്ത മോഷ്ടാവ് വന്ന വഴിയേ തന്നെയാണ് രക്ഷപ്പെട്ടത്. ബ്രിട്ടനിലെ സെന്റ് ജോൺസ് വുഡിലെ അവന്യൂ റോഡിലെ ആഡംബര ബംഗ്ലാവിൽ നിന്നാണ് വലിയ രീതിയിലുള്ള മോഷണം നടന്നത്. രണ്ടാം നിലയിലെ ജനലിലൂടെ ബംഗ്ലാവിന് അകത്ത് കയറിയ മോഷ്ടാവ് കഷ്ടിച്ച് അഞ്ച് മിനിറ്റോളം സമയമാണ് മുറികളിലൂടെ അതിവേഗ മോഷണത്തിനായി ചെലവിട്ടത്. വീട്ടിൽ ആളുകൾ ഉള്ള സമയത്തായിരുന്നു മോഷണമെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.
ബ്രിട്ടനിലെ ബംഗ്ലാവുകളിൽ നടക്കുന്ന ഏറ്റവും വലിയ മോഷണമാണ് ശനിയാഴ്ച നടന്നത്. വീട്ടുകാർ ആഭരണങ്ങളും മറ്റും സൂക്ഷിച്ചിരുന്ന സേഫുള്ള മുറിയിലേക്ക് എത്തിയ മോഷ്ടാവ് ആഭരണങ്ങളും വജ്രം പൊതിഞ്ഞ വാച്ചുകളും ഇവ സൂക്ഷിക്കാനായി ആഡംബര ബാഗുമാണ് മോഷ്ടിച്ചത്. ആയുധധാരിയായ ഇയാൾ സിസിടിവി ക്യാമറ തകർക്കുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 22000 സ്ക്വയർ അടി വലുപ്പമുള്ള ബംഗ്ലാവിൽ നിന്നാണ് ബ്രിട്ടനെ വലച്ച മോഷണം നടന്നത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഹോങ്കോംഗ് സ്വദേശികളുടെ ആഡംബര വസതിയിലായിരുന്നു മിന്നൽ മോഷണം നടന്നത്. 1,61,15,370 രൂപ വില വരുന്ന ബാഗ്, 16,11,406 രൂപ, 1,11,72,41,840 രൂപയുടെ വജ്ര ആഭരണങ്ങൾ എന്നിവയാണ് മോഷണം പോയിട്ടുള്ളത്.
വെളുത്ത വർഗക്കാരനായ മോഷ്ടാവിന് 20 വയസോളം പ്രായമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരുണ്ട നിറത്തിലുള്ള ഹുഡി ടീ ഷർട്ടും കാർഗോ പാന്റ്സും ബേസ് ബോൾ തൊപ്പിയും അണിഞ്ഞാണ് യുവാവ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഗ്യാസ് കട്ടറിന് സമാനമായ ചെറിയ ആയുധമായിരുന്നു യുവാവിന്റെ പക്കലുണ്ടായിരുന്നത്. പുറത്ത് നിന്ന് ശബ്ദം കേൾക്കുന്ന ഓരോ തവണയും യുവാവ് ആയുധത്തിൽ പിടിമുറുക്കുന്നത് സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷണം പോയ ആഭരണങ്ങൾ ഇതോ രൂപത്തിൽ വിറ്റഴിക്കുക അസാധ്യമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
യുവാവിന്റെ ആദ്യ മോഷണമല്ല ഇതെന്ന് വ്യക്തമാണ് സിസിടിവിയിലെ ദൃശ്യങ്ങൾ. ബ്രിട്ടനിലെ ഏറ്റവും സമ്പന്നർ താമസിക്കുന്ന മേഖലയിലാണ് മിന്നൽ കൊള്ള നടന്നത്. ആഗോളതലത്തിലുള്ള കോടീശ്വരന്മാരുടെ ആഡംബര വസതികളാണ് ഈ മേഖലയിലുള്ളത്. വൻ വിലയുള്ള ആഭരണങ്ങളുടെ നഷ്ടമാകലിനേക്കുറിച്ചും ഇതിനേ തുടർന്നുള്ള ക്ലെയിം അപേക്ഷകൾ കൂടുന്നതായും അടുത്തിടെയാണ് ഇൻഷുറൻസ് കമ്പനികൾ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം