മനുഷ്യ ജീവനേക്കാൾ യൂറോപ്പിലുള്ളവർ വിലമതിക്കുന്നത് ആനകളുടെ ജീവന്; ബോട്സ്വാന പ്രസിഡന്റ്

By Web Team  |  First Published Apr 18, 2024, 12:55 PM IST

ഹണ്ടിങ് ട്രോഫി ഇറക്കുമതിക്കെതിരായി പ്രചാരണം നടത്തുന്നവർ വന്യമൃഗ ശല്യം കൊണ്ട് വലയുന്നവർക്കൊപ്പം സമയം ചെലവിട്ട് പ്രശ്നങ്ങൾ മനസിലാക്കണമെന്നും മോക്‌വീറ്റ്‌സി മസിസി


ഗാബറോൺ: ഹണ്ടിങ് ട്രോഫി ഇറക്കുമതിക്കെതിരായ നയത്തേച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ രൂക്ഷ പരാമർശങ്ങളുമായി ബോട്സ്വാന പ്രസിഡന്റ് മോക്‌വീറ്റ്‌സി മസിസി. യൂറോപിലുള്ളവർ വിലമതിക്കുന്നത് ആനകളുടെ ജീവനാണെന്നും അതിനൊപ്പം ജീവിക്കുന്ന മനുഷ്യ ജീവനല്ലെന്നുമാണ് മോക്‌വീറ്റ്‌സി മസിസി ബുധനാഴ്ച പ്രതികരിച്ചിരിക്കുന്നത്. വേട്ടയാടുന്ന ആനകളുടെ മൃഗഭാഗങ്ങൾ ഇറക്കുമതി നിരോധനം സംബന്ധിച്ച നയങ്ങളെ സംബന്ധിച്ചാണ് പ്രതികരണം. ബ്രിട്ടനിലേക്കും ജർമ്മനിയിലേക്കും 30000 ആനകളെ കയറ്റി വിടുമെന്ന് അടുത്തിടെയാണ് മോക്‌വീറ്റ്‌സി മസിസി പ്രതികരിച്ചത്. 

മനുഷ്യ മൃഗ സംഘർഷങ്ങളേക്കുറിച്ച് വ്യക്തമായി മനസിലാക്കാനാണ് ഇത്തരം നടപടിയേക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് മോക്‌വീറ്റ്‌സി മസിസി വിശദമാക്കിയത്. ആനകൾ വളർത്തുമൃഗമെന്നാണ് യൂറോപ്പിലുള്ളവർ ധരിച്ച് വച്ചിരിക്കുന്നത്. ചിലർ ചിന്തിക്കുന്നത് ആനകൾ മനുഷ്യരാണ് എന്ന തലത്തിലാണ്. ബോട്സ്വാനയിലെ ആളുകളുടെ ജീവനേക്കാൾ ആനകളുടെ ജീവന് പ്രാധാന്യം നൽകുന്നതാണ് പലരുടേയും പ്രതികരണം. കൃഷിയ്ക്കും മനുഷ്യ ജീവനും വെല്ലുവിളി സൃഷ്ടിക്കുന്ന ആനകളെ പണം നൽകി വേട്ടയാടാൻ അനുവദിക്കുന്നത് ഒരുപാട് പേരുടെ നിത്യ ജീവിതത്തെയാണ് സഹായിക്കുന്നതെന്നാണ് മോക്‌വീറ്റ്‌സി മസിസി വിശദമാക്കുന്നത്. 

Latest Videos

വേട്ടയാടിയ ഇത്തരം ആനകളുടെ കൊമ്പുകൾ അടക്കമുള്ള ഓർമ്മയ്ക്കായി ട്രോഫി പോലെ കൊണ്ടുവരുന്നതിനെ നിരോധിക്കുമെന്നാണ് ബ്രിട്ടൻ അടുത്തിടെ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം പാസാക്കിയ തീരുമാനം ഇനിയും പ്രാവർത്തികമായിരുന്നില്ല. ലോകത്തിൽ തന്നെ ഏറ്റവുമധികം ആനകളുള്ള രാജ്യമായ ബോട്സ്വാനയ്ക്ക് ആനകളുടെ എണ്ണം നിയന്ത്രിക്കാൻ വേട്ടയാടൽ അല്ലാതെ മറ്റ് മാർഗങ്ങളെന്താണ് ബ്രിട്ടന് നിർദ്ദേശിക്കാനുള്ളതന്നും മോക്‌വീറ്റ്‌സി മസിസി ചോദിക്കുന്നു. ഹണ്ടിങ് ട്രോഫി ഇറക്കുമതിക്കെതിരായി പ്രചാരണം നടത്തുന്നവർ വന്യമൃഗ ശല്യം കൊണ്ട് വലയുന്നവർക്കൊപ്പം സമയം ചെലവിട്ട് പ്രശ്നങ്ങൾ മനസിലാക്കണമെന്നുമാണ് മോക്‌വീറ്റ്‌സി മസിസി ആവശ്യപ്പെടുന്നത്. നിരവധി പ്രമുഖരാണ് യൂറോപ്പിൽ  ഹണ്ടിങ് ട്രോഫി ഇറക്കുമതിക്കെതിരായി പ്രചാരണം നടത്തുന്നത്. 

ഭക്ഷണത്തിന് വേണ്ടിയല്ലാതെ കായിക വിനോദമെന്ന നിലയിൽ മൃഗങ്ങളെ വേട്ടയാടിയ ശേഷം മൃഗങ്ങളുടെ ശരീര ഭാഗങ്ങള്‍ സ്റ്റഫ് ചെയ്ത് സൂക്ഷിക്കുന്നതിനെയാണ് ട്രോഫി ഹണ്ടിംഗ് എന്ന് പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!