Russia Declared War Against Ukraine : യുക്രൈനിൽ വ്യാപക സ്ഫോടനങ്ങൾ, റഷ്യ കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്ക

By Asianet Malayalam  |  First Published Feb 24, 2022, 10:02 AM IST

 സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുട‍ർനടപടികൾ ജി7, നാറ്റോ രാഷ്ട്രത്തലവൻമാരുമായി ച‍ർച്ച ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലനി‍ർത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. 


ദില്ലി: യുക്രൈനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി അമേരിക്ക രംഗത്ത്. യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ പറഞ്ഞു. സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും തുട‍ർനടപടികൾ ജി7, നാറ്റോ രാഷ്ട്രത്തലവൻമാരുമായി ച‍ർച്ച ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലനി‍ർത്തണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. 

യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് (ഇന്ത്യൻ സമയം ഇന്ന് രാത്രി) പ്രസ്താവനകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചിട്ടുണ്ട്. യുക്രൈനെതിരെ റഷ്യ നടത്തിയ അന്യായമായ സൈനിക നടപടി കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അമേരിക്കയും നാറ്റോസഖ്യകക്ഷികളും ഇതിനു മറുപടി നൽകുമെന്നും അമേരിക്കൻ പ്രസിഡൻ്റ ജോ ബൈഡൻ അറിയിച്ചു. 

Latest Videos

undefined

റഷ്യൻ സൈന്യത്തിൻ്റെ അന്യായമായ അധിനിവേശത്തെ നേരിടുന്ന യുക്രെയ്‌നിലെ ജനങ്ങൾക്കൊപ്പമാണ് ലോകജനതയുടെ പ്രാർത്ഥനകൾ. റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ ആസൂത്രിതമായി യുദ്ധം തെരഞ്ഞെടുക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങൾക്കും വഴിവയ്ക്കുന്ന ഈ തീരുമാനം യുക്രൈൻ ജനതയെ നരകയാതനയിലേക്ക് തള്ളിവിടും. പുട്ടിൻ പ്രഖ്യാപിച്ച സൈനിക നടപടി പ്രകോപനപരവും ഒരുതരത്തിലും നീതികരിക്കാൻ സാധിക്കാത്തതുമാണ്. ഇതിനെല്ലാം റഷ്യ കണക്ക് പറയേണ്ടി വരും - അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ നിന്നും ഞാൻ സ്ഥിതി​ഗതികൾ പരിശോധിച്ചുവരികയാണ്. ദേശീയ സുരക്ഷ ടീമിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നാളെ രാവിലെ ജി7 രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തും. നാറ്റോ സഖ്യകക്ഷികളുമായും ച‍ർച്ചകൾ തുടരുകയാണ്  - ബൈഡൻ വ്യക്തമാക്കി.

റഷ്യൻ അധിനിവേശത്തിന് മറുപടിയായി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യം രംഗത്തിറങ്ങിയാൽ സ്ഥിതിഗതികൾ മാറിമാറിയാനാണ് സാധ്യത. യുക്രൈനെ പിന്തുണച്ച് കൊണ്ട് നാറ്റോ സൈന്യം രംഗത്ത് ഇറങ്ങുകയും റഷ്യൻ സൈന്യത്തെ ആക്രമിക്കുകയും ചെയ്താൽ മൂന്നാം ലോകമഹായുദ്ധത്തിൻ്റെ നിഴലിലേക്കാവും ലോകം എത്തുക. 

അതേസമയം റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിനകത്തെ വ്യോമഗതാഗതത്തിന് യുക്രൈൻ നിയന്ത്രണം ഏർപ്പെടുത്തി. എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രത്യേക വിമാനം AI- 1947 ഇന്ന് രാവിലെ ഉക്രെയ്നിലെ ബോറിസ്പിൽ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യുക്രൈൻ തലസ്ഥാനമായ കീവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. യുദ്ധഭീതിയിൽ യുക്രൈനിൽ നിന്നും രക്ഷപ്പെടാനായി ആയിരക്കണക്കിന് പേർ വിമാനത്താവളത്തിലെത്തിയിട്ടണ്ടെന്നാണ് വിവരം. 

പുട്ടിൻ്റെ യുദ്ധപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യുക്രൈനിലെ വിവിധ ന​ഗരങ്ങളിലും തുറമുഖങ്ങളിലും സ്ഫോടനങ്ങൾ റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേ​ഗം യുക്രൈനെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ മുന്നോട്ട് നീങ്ങുന്നതെന്നാണ് സൂചന. തങ്ങളുടെ വിവിധ ന​ഗരങ്ങളിൽ റഷ്യൻ വ്യോമസേന ആക്രമണം നടത്തുന്നതായി യുക്രൈൻ സ‍ർക്കാ‍ർ വ്യക്തമാക്കി. തലസ്ഥാനമായ കീവ് അടക്കം ഇതുവരെ പത്ത് ന​ഗരങ്ങളിൽ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

അതേസമയം യുക്രൈനിലെ സൈനിക നടപടിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ ച‍ർച്ച നടന്നു. വ‍ർഷങ്ങളായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രസിഡൻ്റ് വ്ളാദിമി‍ർ പുട്ടിൻ പ്രത്യേക സൈനിക ഓപ്പറേഷൻ പ്രഖ്യാപിച്ചതെന്നും വംശഹത്യയിൽ നിന്നും യുക്രൈൻ ജനതയെ രക്ഷപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും രക്ഷാസമിതിയിലെ റഷ്യൻ പ്രതിനിധി വ്യക്തമാക്കി. 
 

click me!