കാലിഫോർണിയയില്‍ പക്ഷിപ്പനി വ്യാപകം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ; ജാഗ്രതാ നിര്‍ദേശങ്ങള്‍

By Sangeetha KS  |  First Published Dec 19, 2024, 4:17 PM IST

33 പശുക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി  കാലിഫോർണിയ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡിസംബർ 13ന്  റിപ്പോർട്ട് ചെയ്തിരുന്നു.


വാഷിങ്ടണ്‍ : പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ എ (H5N1)) വ്യാപനത്തെ തുടർന്ന് യു എസിലെ കാലിഫോർണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദക്ഷിണ കാലിഫോർണിയയിലെ ഡയറി ഫാമുകളിൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ചയാണ് ഗവർണർ ഗാവിൻ ന്യൂസോം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  34 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. 

കൃത്യമായ നിരീക്ഷണത്തിലൂടെ വൈറസ് വ്യാപനം ലഘൂകരിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും ഇതുവരെ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കുള്ള വ്യാപനം കണ്ടെത്തിയിട്ടില്ലെന്നും ഗവര്‍ൺറുടെ ഓഫീസ് അറിയിച്ചതായി വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്തു. രോ​ഗബാധിതരായവർ മിക്കവരും രോഗം ബാധിച്ച കന്നുകാലികളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവരാണ്. 33 പശുക്കൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി  കാലിഫോർണിയ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ഡിസംബർ 13ന്  റിപ്പോർട്ട് ചെയ്തിരുന്നു.

Latest Videos

undefined

രോ​ഗവ്യാപനം തടയുന്നതിനായി രാജ്യത്തെ തന്നെ എറ്റവും വലിയ ടെസ്റ്റിങ്ങ്, മോണിറ്ററിങ്ങ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.  യുഎസ് സെന്റേര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) ഡാറ്റ അനുസരിച്ച്, 2024 മാർച്ചിൽ ടെക്സാസിലും കൻസസിലുമാണ് രോഗം ആദ്യം കണ്ടെത്തിയത്. ഇതിനുശേഷം 16 സംസ്ഥാനങ്ങളിലെ ഡയറി ഫാമുകളിൽ രോഗം വ്യാപനം ഉണ്ടായിട്ടുണ്ട്. ലൂസിയാനയിൽ അടുത്തിടെ സ്ഥിരീകരിച്ച ഗുരുതരമായ കേസ് ഉൾപ്പെടെ രാജ്യത്താകമാനം 61 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

വ്യാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ഡയറി ഫാമുകളിൽ ജോലി ചെയ്യുന്നതും പാൽ ഉൽ‌പന്നങ്ങൾ കൈകാര്യം ചെയ്യുന്നതുമായ തൊഴിലാളികൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ​അറിയിച്ചതായും സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്തതായും കാലിഫോർണിയ പൊതുജനാരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നു. 2022 ജനുവരിയിൽ യു എസിലെ സൗത്ത് കരോലിനയിലെ കാട്ടുപക്ഷികളിലാണ് പക്ഷിപ്പനി ആദ്യമായി കണ്ടെത്തുന്നത്.

യൂറോപ്പിലും അമേരിക്കയിലുമല്ല; ലോകത്തിലെ ഏറ്റവും സുന്ദരമായ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!