ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനിലെ അവസാന ജോലി ദിവസം ജൂൺ 7നായിരിക്കുമെന്നും മെലിൻഡ സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ വിശദമാക്കി.
വാഷിംഗ്ടൺ: ജീവ കാരുണ്യ സ്ഥാപനമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനിലെ കോ ചെയർ സ്ഥാനം ഒഴിയാനൊരുങ്ങി മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സ്. എക്സിലൂടെയാണ് മെലിൻഡ ഫ്രെഞ്ച് ഗേറ്റ്സ് ഇക്കാര്യം തിങ്കളാഴ്ച വിശദമാക്കിയത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷനിലെ അവസാന ജോലി ദിവസം ജൂൺ 7നായിരിക്കുമെന്നും മെലിൻഡ സമൂഹമാധ്യമങ്ങളിലെ കുറിപ്പിൽ വിശദമാക്കി. ലോകത്തിന്റെ പല ഭാഗങ്ങളിലായി സമഭാവന സൃഷ്ടിക്കുന്ന പലവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്നും അവർ രാജി പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
ഫൌണ്ടേഷൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന പൂർണ ബോധ്യമുണ്ട്. സിഇഒ മാർക് സുസ്മാൻറെ കഴിവുകളിലും പൂർണമായ വിശ്വാസമുണ്ടെന്നും മെലിൻഡ കുറിപ്പിൽ വിശദമാക്കി. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിനൊപ്പം സ്വകാര്യ ജീവകാരുണ്യ സംഘടനയായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ ആരംഭിച്ചത് 2000ലായിരുന്നു.
2021ൽ 27 വർഷത്തെ ദാമ്പത്യ ബന്ധം പിരിയുന്നതായി ഗേറ്റ്സ് ദമ്പതികൾ പ്രഖ്യാപിച്ചിരുന്നു. വേർപിരിയുന്ന സമയത്ത് ജീവകാരുണ്യ സംഘടനയുടെ നേതൃപദവിയിൽ തുടരുമെന്നാണ് മെലിൻഡ വിശദമാക്കിയത്. പൊതുജനാരോഗ്യ രംഗത്തെ വളരെ ശക്തമായ സംഘടനകളിലൊന്നാണ് ഗേറ്റ്സ് ഫൌണ്ടേഷൻ. 75 ബില്യൺ ഡോളറാണ് ഡിസംബർ വരെ സംഘടന സംഭാവ ചെയ്തിട്ടുള്ളത്. പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനും പട്ടിണി കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങൾക്കുമായി കോടിക്കണക്കിന് രൂപയാണ് ഗേറ്റ്സ് ഫൌണ്ടേഷൻ ഓരോ വർഷവും ചെലവിടുന്നത്.
1994നും 2018നും ഇടയിലായി ഗേറ്റ്സ് ദമ്പതികൾ 36 ബില്യൺ ഡോളറിലേറെ പണം സംഭാവന ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകൾ വിശദമാക്കുന്നത്. 2015ൽ സ്ത്രീകൾക്കും പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്കും അവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് മെലിൻഡ പുതിയൊരു സംരംഭം ആരംഭിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം