ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ പ്രോപ്പർട്ടി സമ്മാനമായി നൽകുമെന്ന് ബെർലിൻ ധനകാര്യ മന്ത്രി സ്റ്റെഫാൻ എവേഴ്സ് പറഞ്ഞു. 2000 മുതൽ താമസക്കാരില്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ആരും ഏറ്റെടുക്കാൻ വന്നില്ലെങ്കിൽ പൊളിച്ചുനീക്കാനാണ് പദ്ധതി.
ബർലിൻ: ഹിറ്റ്ലറുടെ സന്തത സഹചാരിയും പ്രൊപ്പഗാണ്ട മന്ത്രിയുമായ ജോസഫ് ഗീബൽസിന്റെ ബംഗ്ലാവ് സൗജന്യമായി നൽകാനൊരുങ്ങി ബർലിൻ പ്രാദേശിക ഭരണകൂടം. ചെലവേറിയ പരിപാലനം കണക്കിലെടുത്താണ് സൗജന്യമായി നൽകാൻ ബെർലിൻ സർക്കാർ തീരുമാനിച്ചതെന്ന് ബ്രിട്ടൻ മാധ്യമമായ ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ബർലിൻ നഗരത്തിന്റെ വടക്ക് ഗ്രാമപ്രദേശത്ത് തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ബംഗ്ലാവാണ് ഇത്. ജോസഫ് ഗീബൽസിൻ്റെ ഉടമസ്ഥതയിലായിരുന്നു വില്ല. സൗജന്യമായി നൽകാനുള്ള പദ്ധതി ബെർലിൻ അധികൃതർ പ്രഖ്യാപിച്ചതായി റിപ്പോർട്ട് പറയുന്നു.
നാസി ജർമ്മനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഗീബൽസ്, ഹിറ്റ്‌ലറുടെ വിശ്വസ്തരിൽ ഒരാളായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിൽ ഗീബൽസും ഭാര്യയും ആറ് കുട്ടികളും ആത്മഹത്യ ചെയ്യുകയായിരുന്നു. ഗീബൽസിൻ്റെ 17 ഹെക്ടർ എസ്റ്റേറ്റും വില്ലയും 1936ലാണ് നിർമ്മിച്ചത്. അക്കാലത്തെ പ്രമുഖർ ഒത്തുകൂടുന്ന സ്ഥലമായിരുന്നു വില്ല. നിലവിൽ ഈ വസ്തു ബെർലിൻ സംസ്ഥാനത്തിൻ്റെ ഉടമസ്ഥതയിലാണ്. പരിപാലനത്തിനുള്ള ഉയർന്ന ചിലവും നാസി ചരിത്രവും കാരണം സംസ്ഥാന സർക്കാർ പ്രതിസന്ധി നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.