ജാവാ സ്ക്രിപ്റ്റിംഗ്, കംപ്യൂട്ടർ പ്രോഗ്രാമിംഗ് എന്നിവയിൽ ആയിരുന്നു ഇന്റേൺഷിപ്പിനാണ് ഇവരെ എത്തിച്ചത്. അറസ്റ്റിലായ സന്തോഷ് കട്കൂരിയുടെ സ്ഥാപനത്തിൽ ഇവർക്ക് ജോലി നൽകും, എന്നാൽ ശമ്പളത്തിലെ 20 ശതമാനം സന്തോഷ് കട്കൂരി എടുക്കും എന്നതായിരുന്നു രീതി
പ്രിൻസ്ടൺ: മൂട്ട ശല്യമെന്ന പരാതിയേ തുടർന്ന് വീട് വൃത്തിയാക്കാനെത്തിയ ആൾ കണ്ടെത്തിയത് ശോചനീയമായ സാഹചര്യത്തിൽ താമസിക്കുന്ന 15 യുവതികളെ. പൊലീസ് പരിശോധനയിൽ പുറത്ത് വന്നത് വലിയ രീതിയിലുള്ള മനുഷ്യക്കടത്ത്. അമേരിക്കയിലെ ടെക്സാസിലെ പ്രിൻസ്ടണിലാണ് സംഭവം. പ്രിൻസ്ടൺ പുതിയതായി നിർമ്മാണം പൂർത്തിയായ ഇരുനില വീട്ടിൽ നിന്നാണ് മൂട്ട ബാധയെന്ന പരാതി ലഭിക്കുന്നത്. പെസ്റ്റ് കൺട്രോൾ വിഭാഗത്തിൽ നിന്ന് വീട് പരിശോധിക്കാനായി എത്തിയ ജീവനക്കാരൻ കണ്ടത് സംശയകരമായ കാര്യങ്ങളായിരുന്നു.
ഫർണിച്ചറുകൾ ഇല്ലാത്ത വീട്ടിൽ നിരവധി സ്യൂട്ട് കേസുകളും മടക്കി വയ്ക്കാവുന്ന തരത്തിലുള്ള ടേബിളുകളും കുറച്ച് കിടക്കകളുമാണ് ഇവിടെയുണ്ടായിരുന്നു. 23 നും 26നും ഇടയിൽ പ്രായമുള്ള 15 സ്ത്രീകളാണ് ഇവിടെയുണ്ടായിരുന്നത്. വൃത്തിയാക്കി മടങ്ങുമ്പോൾ പെസ്റ്റ് കൺട്രോൾ ജീവനക്കാരൻ പൊലീസിൽ വിവരം നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘത്തേക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇന്ത്യക്കാർ അടക്കമുള്ള നാല് പേരെയാണ് സംഭവത്തിൽ പൊലീസ് തിരയുന്നത്. സന്തോഷ് കട്കൂരി, ദ്വാരക ഗുൻറ, ചന്ദൻ ദാസിറെഡ്ഡി, അനിൽ മാലെ എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കംപ്യൂട്ടർ സ്ഥാപിനത്തിലെ ഇന്റേൺഷിപ്പിനെന്ന പേരിലാണ് യുവതികളെ ഇവിടെ എത്തിച്ചിരുന്നത്.
ജാവാ സ്ക്രിപ്റ്റിംഗ്, കംപ്യൂട്ടർ പ്രോഗ്രാമിംഗ് എന്നിവയിൽ ആയിരുന്നു ഇന്റേൺഷിപ്പിനാണ് ഇവരെ എത്തിച്ചത്. അറസ്റ്റിലായ സന്തോഷ് കട്കൂരിയുടെ സ്ഥാപനത്തിൽ ഇവർക്ക് ജോലി നൽകും, എന്നാൽ ശമ്പളത്തിലെ 20 ശതമാനം സന്തോഷ് കട്കൂരി എടുക്കും എന്നതായിരുന്നു രീതി. ഇവിടെ പാർപ്പിച്ചിരുന്ന യുവതികളുടെ പേരോ മറ്റ് വിവരങ്ങളോ ഇനിയും പുറത്ത് വിട്ടിട്ടില്ല. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. നൂറിലധികം പേരെ ഇത്തരത്തിൽ സംഘം ഇരകൾ ആക്കിയതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സമാനരീതിയിൽ തട്ടിപ്പ് സംഘത്തിന് മറ്റ് വീടുകളും ഉള്ളതായാണ് സംശയിക്കുന്നത്. ടെക്സാസ് സ്വദേശികളായ ചിലരും മനുഷ്യക്കടത്തിന് സഹായിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം