ബംഗ്ലാദേശിൽ വീണ്ടും കലാപം: തെരുവിൽ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ കക്ഷികൾ, 97 മരണം; യാത്രാ വിലക്കി ഇന്ത്യ

By Web Team  |  First Published Aug 5, 2024, 5:54 AM IST

സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി


ധാക്ക: പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വീണ്ടും കലാപം. രാജിക്കായി പ്രതിഷേധക്കാരും അവരെ നേരിടാൻ ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തെരുവിലിറങ്ങി. ഇതോടെയുണ്ടായ സംഘ‍ർഷത്തിൽ 97 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. സംഘർഷം നേരിടാൻ ബംഗ്ലാദേശിൽ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘ‌ർഷം രൂക്ഷമായതോടെ ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്ര സർക്കാർ വിലക്കി. അതീവ ജാഗ്രത പാലിക്കാൻ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്കായി ഹെൽപ്‌ലൈൻ തുറന്നിട്ടുണ്ട്. നമ്പർ - +8801958383679, +8801958383680, +8801937400591.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

 

click me!