'ആദ്യം ഭാര്യമാരുടെ സാരികൾ കത്തിക്ക്, എന്നിട്ടാവാം'... ഇന്ത്യാ ബഹിഷ്കരണ ക്യാമ്പെയിനെതിരെ ഷെയ്ഖ് ഹസീന

By Web Team  |  First Published Apr 2, 2024, 10:13 AM IST

ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ ബോയ്കോട്ട് ഇന്ത്യാ ക്യാമ്പെയിനുണ്ടായത്.


ധാക്ക: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ആഹ്വാനത്തെ വിമർശിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഭാര്യമാരുടെ കയ്യിലുള്ള ഇന്ത്യൻ സാരികള്‍ കത്തിച്ച ശേഷമാവാം ബഹിഷ്കരണമെന്ന് ഷെയ്ഖ് ഹസീന പ്രതികരിച്ചു. ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശിൽ ബോയ്കോട്ട് ഇന്ത്യാ ക്യാമ്പെയിനുണ്ടായത്.

ഹസീനയെയും അവരുടെ പാർട്ടിയായ അവാമി ലീഗിനെയും ഇന്ത്യാ അനുകൂലികളെന്ന് മുദ്ര കുത്താനാണ് ബിഎൻപി ശ്രമിച്ചത്. പ്രധാനമന്ത്രി പദത്തിലേക്ക് ജനുവരിയിൽ വീണ്ടുമെത്താൻ  ഹസീനയ്ക്ക് ഇന്ത്യയുടെ സഹായം ലഭിച്ചെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. പിന്നാലെയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ബംഗ്ലാദേശിലെ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രതിപക്ഷം ക്യാമ്പെയിൻ തുടങ്ങിയത്. ആ സമയത്ത് നിശബ്ദത പാലിച്ച ഷെയ്ഖ് ഹസീന ഇപ്പോള്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ്. 

Latest Videos

"അവരുടെ (ബിഎൻപി നേതാക്കന്മാരുടെ) ഭാര്യമാർക്ക് എത്ര ഇന്ത്യൻ സാരികൾ ഉണ്ട്? ബിഎൻപി നേതാക്കൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ പറയുന്നു. എന്തുകൊണ്ടാണ് നേതാക്കള്‍ അവരുടെ ഭാര്യമാരുടെ സാരികൾ കൊണ്ടുപോയി കത്തിക്കാത്തത്? അവരുടെ പാർട്ടി ഓഫീസിന് മുന്നിൽ അവർ ഭാര്യമാരുടെ ഇന്ത്യൻ സാരികൾ കത്തിച്ചാൽ മാത്രമേ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കപ്പെടൂ" എന്നാണ് ഷെയ്ഖ് ഹസീന പറഞ്ഞത്.

കച്ചത്തീവ് വിടാതെ മോദി; ബംഗ്ലാദേശിന് 10,000 ഏക്കർ ഭൂമി വിട്ടുകൊടുത്തത് മോദി വിശദീകരിക്കണമെന്ന് കോൺഗ്രസ്

ബിഎൻപി നേതാക്കളും അവരുടെ ഭാര്യമാരും ഇന്ത്യയിൽ നിന്ന് സാരികള്‍ വാങ്ങി ബംഗ്ലാദേശിൽ വിൽക്കാറുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ആരോപിച്ചു- "ബിഎൻപി അധികാരത്തിലിരുന്നപ്പോൾ, അവരുടെ നേതാക്കളുടെ ഭാര്യമാർ ഇന്ത്യൻ സാരികൾ വാങ്ങാൻ കൂട്ടമായി ഇന്ത്യയിലേക്ക് പറക്കുന്നത് ഞാൻ കണ്ടിരുന്നു. എന്നിട്ട് അവർ സാരികൾ ബംഗ്ലാദേശിൽ വിൽക്കാറുണ്ടായിരുന്നു"- ഷെയ്ഖ് ഹസീന ആരോപിച്ചു.

ഇന്ത്യൻ സാരികളെ കുറിച്ച് മാത്രമല്ല ഷെയ്ഖ് ഹസീന പറഞ്ഞത്. ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചും ഹസീന പരാമർശിച്ചു. ഗരം മസാല, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങി നിരവധി ഇനങ്ങൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്തുകൊണ്ട് അവർ (ബിഎൻപി നേതാക്കൾ) ഇന്ത്യൻ മസാലകൾ ഇല്ലാതെ പാചകം ചെയ്യുന്നില്ല? അവർ ഇതൊന്നുമില്ലാതെ ഭക്ഷണം പാകം ചെയ്ത് കഴിക്കണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. 

ഇന്ത്യൻ ഉൽപന്നങ്ങൾക്കെതിരായ പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ ബിഎൻപി നേതാവ് റൂഹുൽ കബീർ റിസ്‌വി തൻ്റെ കശ്മീരി ഷാൾ വലിച്ചെറിഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ബിഎൻപിയുടെ മീഡിയ സെൽ അംഗമായ സെയ്‌റുൾ കബീർ ഖാൻ പറഞ്ഞതി ബിഎൻപി ഔദ്യോഗികമായി ഇന്ത്യൻ ഉത്പന്ന ബഹിഷ്കരണ ക്യാമ്പെയിന് ആഹ്വാനം ചെയ്തിട്ടില്ല എന്നാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!