തന്റെ തന്നെ സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകൾ താൻ ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാൻ തുടങ്ങിയാൽ രാവിലെ വീട് വിട്ട് ഇറങ്ങാൻ തോന്നില്ലെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി
സിഡ്നി: യുവതലമുറയുടെ മാനസികാരോഗ്യം കണക്കിലെടുത്ത് സുപ്രധാന നിരീക്ഷണവുമായി ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. 16 വയസ് പിന്നിടുന്നത് വരെ കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കണമെന്നാണ് ആന്റണി ആൽബനീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അക്കൌണ്ട് തുറക്കാനുള്ള പ്രായം 13 ൽ നിന്ന് 16ലേക്ക് ആക്കണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിനും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പിന്തുണച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രത്യാഘാതം ഗുരുതരമാണെന്ന നിരീക്ഷണത്തോടെയാണ് പ്രതികരണം. അധിക സമയമുള്ള സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ആന്റണി ആൽബനീസ് വിശദമാക്കി.
കൌമാരക്കാർക്ക് സമൂഹമാധ്യമങ്ങളിൽ നിന്നുള്ള സമ്മർദ്ദം അധികമാണെന്നും ആന്റണി ആൽബനീസ് പ്രതികരിച്ചു. വിവിധ തരത്തിലുള്ള കായിക ഇനങ്ങളിലും മറ്റ് സാധാരണ രീതികളിലും കൌമാരക്കാർ ഇടപെടുന്നത് മാനസികാരോഗ്യമുള്ള തലമുറയ്ക്ക് ആവശ്യമാണ്. ഇതിനായി സമൂഹമാധ്യമങ്ങളിലെ ഇടപെടലിന് നിയന്ത്രണം വേണമെന്നും ആന്റണി ആൽബനീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ഒരു റേഡിയോയോടാണ് ആന്റണി ആൽബനീസിന്റെ പ്രതികരണം.
പ്രായപൂർത്തിയായവരെ വരെ വളരെ പെട്ടന്ന് തെറ്റിധരിപ്പിക്കാൻ സമൂഹമാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ട്. കൌമാരക്കാരിലെ പ്രത്യാഘാതം ഇതിലും ഗുരുതരമായിരിക്കും. തന്റെ തന്നെ സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകൾ താൻ ശ്രദ്ധിക്കാറില്ല. ശ്രദ്ധിക്കാൻ തുടങ്ങിയാൽ രാവിലെ വീട് വിട്ട് ഇറങ്ങാൻ തോന്നില്ലെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി വിശദമാക്കി. അജ്ഞാതരായ ആളുകൾ വരെ ഭീകരമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും ആന്റണി ആൽബനീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം