അടുത്തിടെ രാജ്യത്ത് നടന്ന ഒരു സർവേ പ്രകാരം, 61 ശതമാനം ഓസ്‌ട്രേലിയക്കാരും 17 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനെ പിന്തുണക്കുന്നുണ്ട്.
പ്രായപൂർത്തിയാകാത്തവരെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് ബാൻ ചെയ്യാൻ ആലോചിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. സമൂഹത്തിനു ദോഷം ചെയ്യുന്നുവെന്നും യഥാർത്ഥ സൗഹൃദങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും കുട്ടികളെ അകറ്റുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ആന്‍റണി അൽബനീസ് ഇങ്ങനെയൊരു ആലോചനയെ കുറിച്ച് തുറന്ന് പറഞ്ഞത്. 2023 ഒക്‌ടോബർ മുതൽ, ഓസ്‌ട്രേലിയയിൽ പൊതുവിദ്യാലയങ്ങളിൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിനു നിരോധനമുണ്ട്.
അടുത്തിടെ രാജ്യത്ത് നടന്ന ഒരു സർവേ പ്രകാരം, 61 ശതമാനം ഓസ്‌ട്രേലിയക്കാരും 17 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനെ പിന്തുണക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണും 16 വയസിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനത്തെ പിന്തുണച്ചിരുന്നു. ഓസ്‌ട്രേലിയൻ സർക്കാർ ഔപചാരിക പ്രായപരിധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 14 നും 16 നും ഇടയിൽ നിശ്ചയിക്കാമെന്നാണ് നിർദേശിക്കുന്നത്. അത്തരമൊരു നിരോധനത്തിന്‍റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയാകും അന്തിമ തീരുമാനം.
അതേസമയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കുട്ടികൾ രഹസ്യമായി സോഷ്യമീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിലേക്ക് നയിച്ചേക്കാം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഡിജിറ്റൽ ലോകത്തെ പങ്കാളിത്തത്തിൽ നിന്ന് ഇവരെ വിലക്കുന്നത് നിലവാരം കുറഞ്ഞ ഓൺലൈൻ ഇടങ്ങളിലേക്ക് നയിച്ചേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വിപിഎൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നിരോധനം മറികടക്കാൻ കഴിയുമെന്നതും പരിമിതിയാണ്. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു ഓൺലൈൻ സ്‌പെയ്‌സിൽ ഏതുതരം നിരോധനം പൂർണ്ണാർത്ഥത്തിൽ പ്രാവർത്തികമാകണമെങ്കിൽ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളും അതു നടപ്പാക്കണമെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, കുട്ടികൾക്ക് സാമൂഹിക മാധ്യമങ്ങളിൽ വ്യവസ്ഥകൾ ഏർപ്പെടുത്തുന്ന ആദ്യത്തെ രാജ്യമല്ല ഓസ്ട്രേലിയ. 1998-ൽ അമേരിക്ക പാസാക്കിയ ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്, 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ വെബ്‌സൈറ്റുകളെയും മറ്റ് ഓൺലൈൻ സേവനങ്ങളെയും പരിമിതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, 13 വയസിന് താഴെയുള്ള കുട്ടികളെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ടാണ് പല കമ്പനികളും ഈ നിയമത്തോട് പ്രതികരിച്ചത്. എന്നാൽ ഇത് ഓൺലൈനിൽ വലിയ തോതിൽ തെറ്റായ പ്രായം കാണിച്ചുകൊണ്ടുള്ള തട്ടിപ്പുകൾക്ക് കാരണമായിട്ടുണ്ട്.
2000ത്തില്‍ പാസാക്കിയ ചിൽഡ്രൻസ് ഇൻറർനെറ്റ് പ്രൊട്ടക്ഷൻ ആക്ട് സ്കൂളുകളിലും ലൈബ്രറികളിലും വിദ്യാർത്ഥികൾ ഇൻറർനെറ്റ് ആക്സസ് ചെയ്യാൻ അനുവദിക്കുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പോൺ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ അകറ്റിനിർത്തുകയായിരുന്നു ഉദ്ദേശം. 2015-ൽ യൂറോപ്യൻ യൂണിയൻ 16 വയസിന് താഴെയുള്ള കുട്ടികളെ മാതാപിതാക്കളുടെ സമ്മതമില്ലാതെ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇന്‍റർനെറ്റ് ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന നിയമം നിർദ്ദേശിച്ചു. ഡിജിറ്റൽ യുഗത്തിൽ വിവരങ്ങൾ ആക്സസ് ചെയ്യാനുള്ള കുട്ടികളുടെ അവകാശത്തെ ഇത് പരിമിതപ്പെടുത്തുമെന്ന് വാദിച്ച് ടെക് സ്ഥാപനങ്ങളും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്തെത്തി.
യുകെ യൂറോപ്യൻ യൂണിയന്‍റെ ഭാഗമായിരുന്നപ്പോൾ 13 വയസ് വരെയുള്ളവർക്ക് രക്ഷാകർതൃ സമ്മത പരിധി എന്ന ആശയം തിരഞ്ഞെടുത്തു. 2024 മേയില്‍, രക്ഷാകർതൃ സമ്മതത്തിനുള്ള പ്രായം 16 ആയി ഉയർത്താൻ ബ്രിട്ടനോട് ഗവൺമെന്‍റ് പാനൽ ശുപാർശ ചെയ്തു. 2023 ജൂലൈയിൽ ഫ്രാൻസും സമാന തീരുമാനം നിയമം വഴി കൈക്കൊടിരുന്നു.. 2023 നവംബറിൽ പ്രസിദ്ധീകരിച്ച 168 രാജ്യങ്ങളിൽ നിന്നുള്ള18 വർഷത്തെ ഡാറ്റ ഉപയോഗിച്ച് നടത്തിയ ഒരു പഠന റിപ്പോർട്ട് കാണിക്കുന്നത് യുവാക്കളുടെ ക്ഷേമവും ഇൻ്റർനെറ്റിൻ്റെ ഉപയോഗവും തമ്മിൽ കാര്യകാരണ ബന്ധമില്ലെന്നാണ്.
2023 ഓഗസ്റ്റിൽ ചൈന രാത്രി 10 മുതൽ രാവിലെ 6 വരെ മൊബൈൽ ഫോണുകളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പ്രായപൂർത്തിയാകാത്തവരെ തടയാൻ ലക്ഷ്യമിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. 16നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ദിവസത്തിൽ രണ്ട് മണിക്കൂർ, 8നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഒരു മണിക്കൂർ, എട്ട് വയസ്സിന് താഴെയുള്ളവർക്ക് 40 മിനിറ്റ് എന്നിങ്ങനെ പരിമിതപ്പെടുത്താനായിരുന്നു നിർദേശം.
പ്രായപൂർത്തിയാകാത്തവരുടെ ശാരീരികവും മാനസികവുമായ വികാസത്തിന് സഹായിക്കുന്ന ആപ്പുകൾക്ക് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കും. 2023 ഓഗസ്റ്റിൽ, കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഡിജിറ്റൽ കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമം ഇന്ത്യ പാസാക്കി. ഈ വർഷം ഏപ്രിലിൽ ബ്രസീലും സമാനമായ നിയമങ്ങൾ കൊണ്ടുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം