പാപുവ ന്യൂ ഗിനിയയിൽ യുവാക്കളുടെ അക്രമം, കൊന്ന് തള്ളിയത് 26ലേറെ ആളുകളെ, മരിച്ചവരിൽ ഏറിയ പങ്കും കുട്ടികൾ

By Web Team  |  First Published Jul 26, 2024, 2:26 PM IST

അക്രമത്തിനിരയായവരിൽ ചിലരുടെ മൃതദേഹങ്ങൾ മുതലകളുള്ള ചതുപ്പ് മേഖലകളിൽ തള്ളിയതായും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. തലകൾ വെട്ടിമാറ്റിയ നിലയിലാണ് മിക്ക മൃതദേഹങ്ങളുമുള്ളത്


പോർട്ട്മോർസ്ബെ: പാപുവ ന്യൂ ഗിനിയയിൽ അക്രമി സംഘം 26 പേരെ കൂട്ടക്കൊല ചെയ്തതായി റിപ്പോർട്ട്.  പാപുവ ന്യൂ ഗിനിയയിലെ മൂന്ന് ഗ്രാമങ്ങളിലാണ് അക്രമി സംഘത്തിന്റെ ക്രൂരതയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് കുട്ടികളും സ്ത്രീകളും പുരുഷന്മാരടക്കമുള്ളവരെ കൂട്ടക്കൊല ചെയ്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 

പാപുവ ന്യൂ ഗിനിയയിലെ വടക്കൻ മേഖലയിലെ ഗ്രാമങ്ങളിലാണ് അക്രമം നടന്നിട്ടുള്ളത്. ഗ്രാമത്തിലെ വീടുകൾ അക്രമി സംഘം തീയിട്ടു. രക്ഷപ്പെട്ടവർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്നാണ് ഗ്രാമീണർ പ്രതികരിക്കുന്നത്. അക്രമത്തിന് പിന്നിലുള്ളവരെ അറിയാമെങ്കിലും ഭയം നിമിത്തം പേരുകൾ ഗ്രാമീണർ വിശദമാക്കിയിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കിയത്. അക്രമത്തിനിരയായവരിൽ ചിലരുടെ മൃതദേഹങ്ങൾ മുതലകളുള്ള ചതുപ്പ് മേഖലകളിൽ തള്ളിയതായും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. തലകൾ വെട്ടിമാറ്റിയ നിലയിലാണ് മിക്ക മൃതദേഹങ്ങളുമുള്ളത്. ജൂലൈ 16നും ജൂലൈ 18നുമാണ് അക്രമം നടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്. 

Latest Videos

കൊല്ലപ്പെട്ട 26 പേരിൽ 16 പേരും കുട്ടികളാണെന്നാണ് പുറത്ത് വരുന്ന വിവരം. മരണസംഖ്യ 50 ആകുമെന്നാണ് സൂചനകൾ. അധികൃതർ ഗ്രാമത്തിൽ നിന്ന് കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണുള്ളത്. 200ഓളം പേർ ഗ്രാമം വിട്ട് ഓടിപ്പോയതായാണ് വിവരം. 800ൽ അധികം തദ്ദേശീയ ഭാഷകളുള്ള പാപുവ ന്യൂ ഗിനിയയിൽ ആദിവാസി വിഭാഗങ്ങൾ തമ്മിൽ വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്ന പ്രദേശം കൂടിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!