ജാവിയര്‍ മിലെയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത് കൊവിഡ് കാലത്തെ ലോക്ഡൗണ്‍ രാജ്യത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിച്ചു എന്നാണ്. ഇത്തരത്തില്‍ ഒരു സംഘടനയുടെ ആവശ്യമുണ്ടോ എന്ന് ലോകരാജ്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട് എന്ന ആവശ്യവും പ്രസ്താവനയിലുണ്ട്.
ബ്യൂണസ് അയേഴ്സ്: അമേരിക്കയ്ക്ക് പിന്നാലെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അംഗത്വം പിന്‍വലിക്കാന്‍ തീരുമാനിച്ച് അര്‍ജന്‍റീന. അംഗത്വം പിന്‍വലിക്കാനുള്ള പ്രസിഡന്‍റ് ജാവിയര്‍ മിലെയുടെ തീരുമാനം അദ്ദേഹത്തിന്‍റെ വക്താവാണ് അറിയിച്ചത്. കൊവിഡ് കാലത്തെ ലോകാരോഗ്യ സംഘടനയുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് തീരുമാനത്തിനു പിന്നില്‍. കൊവിഡ് സമയത്തെ അടച്ചു പൂട്ടല്‍ തീരുമാനത്തിലുള്‍പ്പെടെ അര്‍ജന്‍റീനയ്ക്ക് അതൃപ്തിയുണ്ട്. ഒരു അന്താരാഷ്ട്ര സംഘടനയേയും രാജ്യത്തിന്‍റെ പരമാധികാരത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് അര്‍ജന്‍റീന വ്യക്തമാക്കി
''ഒരന്താരാഷ്ട്ര സംഘടനയേയും രാജ്യത്തിന്‍റെ പരമാധികാരത്തില്‍ ഇടപെടാന്‍ അനുവദിക്കില്ല. രാജ്യങ്ങളുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് അധികാരമില്ല. ലോകാരോഗ്യ സംഘടന അര്‍ജന്‍റീനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംഘടനയില്‍ നിന്നും സാമ്പത്തിക സഹായങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ തീരുമാനം രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നതല്ല. രാജ്യത്തിന്‍റെ താല്‍പ്പര്യങ്ങള്‍ക്കും ശേഷിക്കുമനുസരിച്ച് ആരോഗ്യ നയങ്ങള്‍ സ്വീകരിക്കാന്‍ ഈ നടപടിയോടെ സാധിക്കും'' എന്ന് വക്താവ് മാനുവല്‍ അഡോര്‍ണി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
ജാവിയര്‍ മിലെയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത് കൊവിഡ് കാലത്തെ ലോക്ഡൗണ്‍ രാജ്യത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിച്ചു എന്നാണ്. ഇത്തരത്തില്‍ ഒരു സംഘടനയുടെ ആവശ്യമുണ്ടോ എന്ന് ലോകരാജ്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ട് എന്ന ആവശ്യവും പ്രസ്താവനയിലുണ്ട്.
അധികാരത്തിലേറിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്ന് ട്രംപ് പറഞ്ഞത്.
Read More: 30 ലക്ഷം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നുതള്ളാൻ ഈ രാജ്യം, കാരണം ഇതാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം